ഭരണവിരുദ്ധമോ ന്യൂനപക്ഷ വിരുദ്ധമോ?; ഗുജറാത്ത് ഇന്ന് വിധിയെഴുത്ത് തുടങ്ങും
text_fieldsഗുജറാത്ത് സര്‍ക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരമോ ബി.ജെ.പി ഉയര്‍ത്തിയ മുസ്ലിംവിരുദ്ധ വികാരമോ? ഇതിലേത് സ്വീകരിക്കുമെന്ന് ഗുജറാത്തിലെ 89 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. രാജ്കോട്ട് വെസ്റ്റില്‍നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി, കച്ചിലെ മാണ്ഡ്വിയില്നിന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ശക്തി സിംഗ് ഗോഹിൽ, പോര്‍ബന്തറില്‍നിന്ന് അര്ജുന് മൊദ്വാദിയ എന്നിവര്‍ ശനിയാഴ്ച ജനവിധി തേടുന്നുണ്ട്.
കടുത്ത മത്സരവും പാട്ടീദാറുമാരുടെ എതിര്‍പ്പും നേരിടുകയാണ് മുഖ്യമന്ത്രി വിജയ് രൂപാണി രാജ്കോട്ടില്‍. രൂപാണി പരാജയപ്പെട്ടേക്കുമെന്നുവരെ നേരത്തെ ഇൻറലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് മോദിയും അമിത് ഷായുമടക്കമുള്ള ഉന്നത നേതാക്കളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മണ്ഡലം കേന്ദ്രീകരിച്ച് ബി.ജെ.പി തന്ത്രങ്ങള്‍ ഒരുക്കിയത്. 10 കിലോമീറ്റര്‍ ദൂരം റോഡ്ഷോ നടത്തി 80,000 പേരെ അണിനിരത്തി മണ്ഡലത്തില്‍ ഹാര്‍ദിക് പട്ടേല്‍ റാലി നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. 22 വര്‍ഷത്തെ ഭരണത്തിനെതിരെ പ്രകടമായ വികാരത്തെ മറികടക്കാന്‍ കോണ്‍ഗ്രസ് വന്നാല്‍ ഗുജറാത്ത് മുസ്ലിം ആധിപത്യത്തിലാകുമെന്ന് ഭൂരിപക്ഷ സമുദായത്തിനിടയില്‍ ഭീതി ജനിപ്പിച്ചാണ് ബി.ജെ.പി ഭരണ തുടര്‍ച്ച തേടുന്നത്.

ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ‘കോണ്‍ഗ്രസിനെ ജയിപ്പിച്ച് അഹ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കൂ’ എന്നാവശ്യപ്പെടുന്ന ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത് ബി.ജെ.പിയുെട തന്ത്രമായിരുന്നു. ഈ ബാനറുകള്‍ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. 2002 ലെ ഗുജറാത്ത് വംശഹത്യയെ ഓര്‍മിപ്പിച്ച അമിത് ഷാ 2007ല്‍ സോണിയ ഗാന്ധി മോദിയെ മരണത്തിെൻറ വ്യാപാരിയെന്ന് വിളിച്ചത് പത്തു വര്‍ഷത്തിന് ശേഷം വ്യാഴാഴ്ചത്തെ റാലിയില്‍ ഓര്‍മിപ്പിച്ചു.
‘തന്നെ താഴ്ന്ന ജാതിക്കാരനാക്കി’ മണിശങ്കര്‍ അയ്യർ നടത്തിയ പ്രസ്താവനയുടെ പേരില്‍ കരച്ചിലിെൻറ വക്കോളമെത്തുന്ന തരത്തില്‍ മോദി നടത്തിയ പ്രസംഗം ബി.ജെ.പി പ്രതീക്ഷിച്ച തരത്തില്‍ ജനം ഏറ്റെടുത്തില്ലെന്ന് ഉറച്ച ബി.ജെ.പി പ്രവര്‍ത്തകനായ വടക്കന്‍ ഗുജറാത്തിലെ രാഥന്പുരിലെ ബില്‍ഡര്‍ മഹേഷ് ടക്കര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. ഹിന്ദു വോട്ടര്‍മാരെ പിണക്കാതെ വികസനം തെരഞ്ഞെടുപ്പ് വിഷയമാക്കിയ കോണ്‍ഗ്രസ് തന്ത്രമാണോ ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധതയാണോ ഗുജറാത്തികള്‍ക്ക് പഥ്യമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും.

ബി.ജെ.പി പ്രകടനപത്രിക തെരഞ്ഞെടുപ്പിന് തലേന്ന്
അഹ്മദാബാദ്: ആദ്യഘട്ട വോെട്ടടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കി. ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കാത്തതിനെതിരെ കോൺഗ്രസും ഹാർദിക് പേട്ടലും രംഗത്തു വന്നിരുന്നു. ഗുജറാത്തിൽ പാർട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 2012ലെ തെരെഞ്ഞടുപ്പിൽനിന്ന് വ്യത്യസ്തമായി വമ്പൻ വാഗ്ദാനങ്ങളൊന്നും ഇത്തവണ നൽകുന്നില്ല. സമഗ്ര വികസനത്തിനാണ് പ്രകടനപത്രികയിൽ ഉൗന്നൽ. കുറഞ്ഞ നിരക്കിൽ രാസവളങ്ങളും വിത്തുകളും നൽകി താങ്ങുവില ഉറപ്പുവരുത്തി കർഷകരുടെ വരുമാനം ഇരട്ടിയാക്കും. വിധവകളുടെ പെൻഷൻ വർധിപ്പിക്കും. അന്താരാഷ്ട്ര നിലവാരമുള്ള സർവകലാശാലകൾ സ്ഥാപിക്കും. കൂടുതൽ ജനറിക് മെഡിക്കൽ ഷോപ്പുകൾ തുറക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
അശ്ലീല സീഡി നിർമിക്കുന്ന തിരക്കിൽ ബി.ജെ.പി പ്രകടനപത്രിക മറന്നു –ഹാർദിക്
അഹ്മദാബാദ്: അശ്ലീല സീഡി നിർമിക്കുന്ന തിരക്കിൽ ബി.ജെ.പി ഗുജറാത്തിൽ പ്രകടനപത്രിക ഇറക്കാൻ മറന്നുെവന്ന് പാട്ടീദാർ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടൽ. ആദ്യഘട്ട വോെട്ടടുപ്പിെൻറ തലേന്ന് വൈകീട്ട് ബി.ജെ.പി പ്രകടനപത്രിക ഇറക്കിയതിന് തൊട്ടുമുമ്പാണ് ഹാർദിക് രൂക്ഷ പരിഹാസം അഴിച്ചുവിട്ടത്. പ്രചാരണത്തിനിടെ, ഹാർദിക്കിേൻറതിന് സാമ്യമുള്ളയാളുടെ അശ്ലീല സീഡികൾ പുറത്തുവന്നിരുന്നു. ഇതിനുപിറകിൽ ബി.ജെ.പിയാണെന്ന് ഹാർദിക് ആരോപിച്ചിരുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇതേ വിഷയത്തിൽ ബി.ജെ.പിയെ ആക്രമിച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങളോടുള്ള അനാദരവാണിതെന്നായിരുന്നു രാഹുലിെൻറ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
