Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദ്യം പിന്തുണ നേടൂ,...

ആദ്യം പിന്തുണ നേടൂ, പിന്നെ ഗവർണറെ സമീപിക്കൂ'; വിജയിയെ വിമർശിച്ച് ഡി.എം.കെ

text_fields
bookmark_border
ആദ്യം പിന്തുണ നേടൂ, പിന്നെ ഗവർണറെ സമീപിക്കൂ; വിജയിയെ വിമർശിച്ച് ഡി.എം.കെ
cancel

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മൂന്നുതവണ ഗവർണറെ സമീപിച്ചിട്ടും ടി.വി.കെയുടെ സർക്കാർ രൂപീകരണം അനിശ്ചിതമായി നീളുന്നതിനിടെ വിമർശനവുമായി എം.കെ. സ്റ്റാലിന്റെ ഡി.എം.കെ. 'ആദ്യം പിന്തുണ നേടൂ, പിന്നെ ഗവർണറെ സമീപിക്കൂ' എന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ വിജയിയെ ഉപദേശിച്ചു. രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പിന്തുണ ഉറപ്പിച്ചതിന് ശേഷം ഗവർണറെ സമീപിക്കാനാണ് നിർദേശം. 108 സീറ്റുകളിൽ ജയിച്ച ടി.വി.കെക്ക് സഭയിലെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റ് ഒപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

"വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിനാൽ 107 സീറ്റുകളുമായി അവർ (വിജയിയുടെ ടി.വി.കെ) ആദ്യം ഗവർണറെ സമീപിച്ചപ്പോൾ, ഗവർണർക്ക് അവരെ വിളിക്കാമായിരുന്നു. എന്നാൽ അവർ മറ്റ് പാർട്ടികളെ കൂടെ കൊണ്ടുപോകുകയും സംഖ്യ 112 ആകുകയും ചെയ്യുമ്പോൾ, ഗവർണർ തീർച്ചയായും അവർക്ക് ഭൂരിപക്ഷമില്ലെന്ന് പറയുമായിരുന്നു" എന്ന് ഇളങ്കോവൻ പറഞ്ഞു. "അവർ ഒറ്റയ്ക്ക് ഗവർണറുടെ അടുത്തേക്ക് പോയിരുന്നെങ്കിൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സർക്കാർ രൂപീകരിക്കാൻ അദ്ദേഹം അവരെ ക്ഷണിക്കുകയും പിന്നീട് സഭയിൽ ശക്തി തെളിയിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ, കുറച്ച് പാർട്ടികളുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചുകഴിഞ്ഞാൽ, സ്വാഭാവികമായും കേവല ഭൂരിപക്ഷത്തിനായി കാത്തിരിക്കും" എന്ന് അദ്ദേഹം തുടർന്നു.

കോൺഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ, മുസ്‌ലിം ലീഗ്, എ.എം.എം.കെ പാർട്ടികളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് ടി.വി.കെ അവകാശപ്പെട്ടിരുന്നു. സത്യപ്രതിജ്ഞ ഇന്നുണ്ടാവുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാൽ വിജയിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാൻ കഴിയില്ലെന്ന് ഗവർണർ ആർലേക്കർ അറിയിക്കുകയായിരുന്നു.

അഞ്ച് സീറ്റുള്ള കോൺഗ്രസും രണ്ടു സീറ്റുകൾ വീതമുള്ള സി.പി.ഐയുടെയും സി.പി.എമ്മിന്റെയും സംസ്ഥാന നേതൃത്വം ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വി.സി.കെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. തൊട്ടുപിന്നാലെ ടി.വി.കെക്ക് പിന്തുണ നൽകിയിട്ടില്ലെന്ന് പറഞ്ഞ് അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) നേതാവ് ദിനകരനും രംഗത്തെത്തി. തന്റെ പാർട്ടിയുടെ ഏക എം.എൽ.എയായ കാമരാജിന്റെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന "വ്യാജ കത്തിന്റെ" ഫോട്ടോകോപ്പിയാണ് ടി.വി.കെ ഗവർണർക്ക് സമർപ്പിച്ചതെന്നായിരുന്നു എ.എം.എം.കെ നേതാവ് ടി.ടി.വി. ദിനകരന്റെ ആരോപണം.

എന്നാൽ ആരോപണം നിഷേധിച്ച് എം.എൽ.എ ഒപ്പിടുന്ന വീഡിയോ ടി.വി.കെ പങ്കിട്ടു. കാമരാജ് ടി.വി.കെയെ പിന്തുണച്ച് കത്ത് എഴുതി ഒപ്പിടുന്നതായിരുന്നു വീഡിയോ. നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ 108 സീറ്റുകൾ നേടിയെങ്കിലും കേവല ഭൂരിപക്ഷമായ 118 എത്തിയിരുന്നില്ല. 234 അംഗ സഭയിൽ വിജയിക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ.

വി.സി.കെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതേസമയം ഏറ്റവും വലിയ ഒറ്റ കക്ഷിയായ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതും ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഗവർണറുടെ സഹായത്തോടെ ബി.ജെ.പി ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. അതിനിടെ പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ശത്രുത മറന്ന് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaumkstalindmkTVKindianewsTVK Vijay
News Summary - 'First Get Support, Then Approach Governor': MK Stalin's DMK Slams Vijay
Next Story