'മെയ്ഡ് ഇൻ ഇന്ത്യ' വിമാനത്തിന്റെ കന്നിപ്പറക്കൽ ഇന്ന്
text_fieldsഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വാണിജ്യവിമാനത്തിന്റെ കന്നിപറക്കൽ ഇന്ന്. 17 സീറ്റുള്ള 'ഡോർണിയർ 228 ' വിമാനമാണ് ആദ്യ വാണിജ്യപറക്കലിന് തയ്യാറായത്. അസമിലെ ദിബ്രുഗഢിൽ നിന്ന് അരുണാചൽ പ്രദേശിലെ പാസിഘട്ടിലേക്കാണ് വിമാനത്തിന്റെ ആദ്യ പറക്കലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
അരുണാചൽ പ്രദേശിലെ അഞ്ച് വിദൂര നഗരങ്ങളെയും അസമിലെ ദിബ്രുഗഡുമായി ബന്ധിപ്പിക്കുന്ന സർവീസാണിത്. ഇതാദ്യമായാണ് തദ്ദേശീയമായി നിർമിച്ച ഒരു വിമാനം വാണിജ്യാടിസ്ഥാനത്തിൽ പറക്കാൻ ഉപയോഗിക്കുന്നത്. ഇത് വടക്ക് കിഴക്കൻ മേഖലയുടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള വ്യോമ ബന്ധം കൂടുതൽ വർധിപ്പിക്കും. എ.സി കാബിനോടുകൂടിയ 17 സീറ്റുകളുള്ള നോൺ-പ്രഷറൈസ്ഡ് 'ഡോർണിയർ 228 'രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കാൻ പ്രാപ്തമാണെന്ന് എച്ച്.എ.എൽ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ചെറു വിമാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രാദേശിക കണക്ടിവിറ്റി സുഗമമാക്കും.
വിമാനത്തിന്റെ കന്നിപറക്കല്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്ലാഗ് ഓഫ് ചെയ്യും. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാൻ അസം, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിമാരായ ഹിമന്ത ബിശ്വ ശർമ്മ, പേമ ഖണ്ഡു എന്നിവരുമുണ്ടാകും.
വിമാനങ്ങളുടെ ലാൻഡിങ്ങിനായി ഇന്ത്യൻ എയർഫോഴ്‌സിന്റെ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടുകൾ (എ.എൽ.ജി) ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ദിബ്രുഗഢിൽ നിന്ന് പാസിഘട്ടിലേക്കാണ് അലയൻസ് എയർ ആദ്യം സർവീസ് നടത്തുക.
രണ്ട് വിമാനങ്ങളും കഴിഞ്ഞ വ്യാഴാഴ്ച അലയൻസ് എയറിന് കൈമാറുകയും ഒരെണ്ണം അലയൻസ് എയറിന്റെ ഏറ്റവും പുതിയ കേന്ദ്രമായ ദിബ്രുഗഡ് വിമാനത്താവളത്തിലേക്ക് മാറ്റുകയും ചെയ്തു.
കിഴക്കൻ അരുണാചൽ പ്രദേശിലെ ചൈന, മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള ചില പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിലേക്ക് വിമാന കണക്ടിവിറ്റി നൽകാൻ ഈ വിമാനങ്ങൾ ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

