ആദ്യ ഡിജിറ്റൽ സെൻസസ് ജൂലൈയിൽ തുടങ്ങും; മൊബൈൽ ആപിലൂടെ വിവരശേഖരണം
text_fieldsആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലതല ചാർജ് ഓഫിസർമാർക്കുള്ള രണ്ടാമത്തെ സെൻസസ് പരിശീലനം
ആലപ്പുഴ: ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഡാറ്റ ശേഖരണ സെൻസസ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള എട്ടാമത്തെ സെൻസസായ ഇത് സെൻസസ്-2027 എച്ച്.എൽ.ഒ എന്ന ലളിതമായ മൊബൈൽ ആപ് ഉപയോഗിച്ചാണ് നടത്തുന്നത്. സെൻസസ് മാനേജ്മെൻറ് ആൻഡ് മോണിറ്ററിങ് സിസ്റ്റം (സി.എം.എം.എസ്) പോർട്ടൽ തൽസമയം നിരീക്ഷണത്തിനും പ്രവർത്തന ഏകോപനത്തിനും വിനിയോഗിക്കും. ആദ്യമായാണ് സെൻസസിൽ ഡിജിറ്റൽ ഡാറ്റാ ശേഖരണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്.
രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിന് ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അടിസ്ഥാനരേഖയായി മാറുന്ന സെൻസസിലേക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങളാണ് എല്ലാവരും നൽകേണ്ടതെന്ന് ജില്ലയിലെ പ്രിൻസിപ്പൽ സെൻസസ് ഓഫിസറായ ജില്ല കലക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. കലക്ട്രറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലതല ചാർജ് ഓഫിസർമാർക്കുള്ള രണ്ടാമത്തെ സെൻസസ് പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യ, സാമ്പത്തികപ്രവർത്തനം, സാക്ഷരത, വിദ്യാഭ്യാസം, പാർപ്പിടസൗകര്യങ്ങൾ, നിയോജക മണ്ഡലങ്ങളുടെ അതിർത്തിനിർണയം തുടങ്ങിയ നിരവധി വിവരങ്ങൾക്കുള്ള വിശ്വസനീയമായ ഉറവിടമാണ് സെൻസസെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എമ്മും ജില്ല സെൻസസ് ഓഫിസറുമായ ബി ജ്യോതി, സെൻസസ് ഡയറക്ടേറ്റിലെ അസി. ഡയറക്ടർ ദീപ്തി ദിവാകരൻ, ഡാറ്റ പ്രോസസിങ് അസിസ്റ്റന്‍റ് എൽ. മല്ലിക എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
സെൻസസ് രണ്ട് ഘട്ടങ്ങളിൽ
2011ന് ശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ജൂലൈ ഒന്ന് മുതൽ 30 വരെ നടക്കും. ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. ചോദ്യങ്ങളിൽ വീടിന്റെ സ്ഥിതി, മേൽക്കൂര, കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടും. അടുത്തവർഷം ഫെബ്രവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും. ഈ ഘട്ടത്തിൽ ഓരോ വ്യക്തിയെയും എണ്ണുകയും അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
സെൽഫ് എന്യുമേറേഷനും
2027 സെൻസസിൽ ആദ്യമായി സെൽഫ് എന്യുമറേഷൻ രീതി അവതരിപ്പിക്കുന്നുണ്ട്. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ പൗരന്മാർക്ക് വെബ് പോർട്ടൽ വഴി വിവരങ്ങൾ സുരക്ഷിതമായി സ്വന്തം നിലക്ക് നൽകാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ. ജോലി, ബിസിനസ്, മറ്റ് ഔദ്യോഗിക ആവശ്യങ്ങൾ എന്നിവക്കായി ദിവസം മുഴുവൻ വീടുകളിൽനിന്ന് മാറി നിൽക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹായകരമാവുന്ന വിധത്തിലാണ് ഈ സൗകര്യം. സെൽഫ് എന്യുമറേഷൻ സൗകര്യം ജൂൺ 16 മുതൽ 30 വരെയാണ്. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സെൽഫ് എന്യൂമറേഷൻ നൽകിയശേഷം ലഭിക്കുന്ന സെൽഫ് എന്യുമറേഷൻ ഐഡികൾ ഭവനസന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് കൈമറണം. ഇത് എന്യുമറേറ്റർ പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്ത് വരുത്തിയശേഷം സമർപ്പിക്കുന്നതോടെ ഇവരുടെ വിവരശേഖരണം പൂർത്തിയാകും. സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന ഡാറ്റ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ഇവ വിവരാവകാശ അപേക്ഷ, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയ ഒരു നിയമപ്രകാരവും ലഭ്യമാകില്ലെന്നും അധികൃതർ അറിയിച്ചു.
സെൽഫ് എന്യുമറേഷന് രജിസ്റ്റര്‍ ചെയ്യേണ്ട വിധം
https://se.census.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തെരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാര്‍ക്കര്‍’ ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം ഫൈനല്‍ സബ്മിറ്റ് നല്‍കുക.
വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ എച്ച് എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

