കശ്മീരിൽ കോവിഡ് ഉപ വകഭേദത്തിന്റെ ആദ്യ കേസ്; ടെസ്റ്റ് പോസിറ്റീവ് ആയത് രണ്ട് മലയാളി വിദ്യാർഥികൾക്ക്
text_fieldsശ്രീനഗർ: കശ്മീരിൽ കോവിഡ് ഉപ വകഭേദത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ശ്രീനഗർ ഗവണ്മെന്റ് ഡെന്റൽ കോളേജിലെ ബിരുദാന്തര ബിരുദ മലയാളി വിദ്യാർഥികൾക്കാണ് ടെസ്റ്റ് പോസിറ്റീവായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ നാട്ടിൽ നിന്നും ഈയടുത്താണ് ശ്രീനഗറിലെ ഡെന്റൽ കോളേജിലെത്തിയത്. എത്തിയശേഷം ഇവരുടെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്ന് കോളേജ് അധികൃതർ പറഞ്ഞു.
ടെസ്റ്റ് പോസിറ്റീവായതിനാൽ നിലവിലെ പ്രോട്ടോകോൾ അനുസരിച്ച് ഇവർ നിരീക്ഷണത്തിലാണ്. ഉപ വകഭേദത്തിന്റെ ആദ്യ കേസാണ് ജമ്മു കശ്മീരിൽ റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ ആളുകൾ ജാഗ്രത പാലിക്കണമെന്നും അടുത്തിടെ കേസുകൾ വർധിച്ച സംസ്ഥാനത്തേക്ക് യാത്ര ചെയ്തിട്ടുള്ളവർ സ്വയം നിരീക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പുതിയ ഉപ വകഭേദത്തിൽ രാജ്യത്ത് 1000ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 430 പോസിറ്റീവ് കേസുകളുമായി കേരളം ഒന്നാമതും 210 കേസുകളുമായി മഹാരാഷ്ട്ര രണ്ടാമതുമാണ്. ഉപ വകഭേദമായ ജെ.എൻ.1 വേഗത്തിൽ പടരുന്ന ഒമിക്രോൺ വേരിയന്റാണ്. മറ്റൊരു വകഭേദമായ എൻ.ബി.1.8.1 വേഗത്തിൽ പടർന്ന് ഹ്യൂമൻ സെല്ലുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം.
ആശുപത്രികളിൽ നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിച്ചതായും രോഗ ലക്ഷണങ്ങളുമായി വരുന്നവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായും ചെസ്റ്റ് മെഡിസിൻ മേധാവി പ്രൊ. നവീദ് നസീർ ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ ഭൂരിപക്ഷം ആളുകളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. അതിനാൽ തന്നെ പുതിയ ഉപ വകഭേദം പടരുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. അടിസ്ഥാന ശുചിത്വ രീതികൾ പാലിക്കുകയും പനി പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിത്സനേടുകയും ചെയ്യുക. ആളുകൾ പേടിക്കേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നും ആരോഗ്യമന്ത്രി സകീന മസൂദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

