യു.പിയിൽ അധ്യാപിക ട്രാൻസ്ജെൻഡർ ആണെന്നറിഞ്ഞപ്പോൾ രാജിവെക്കാൻ സ്കൂൾ അധികൃതർ നിർബന്ധിച്ചതായി പരാതി
text_fieldsലഖ്‌നോ: ഉത്തർപ്രദേശ് ലഖിംപൂർ ഖേരി ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി നിയമിച്ച 29കാരിയായ ട്രാൻസ്ജെൻഡർ യുവതിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടതായി ആരോപണം. സ്‌കൂൾ അധികൃതരോടും വിദ്യാർത്ഥികളോടും ജെൻഡർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധ്യാപിക പരാതിയിൽ പറയുന്നു. അതേസമയം, സ്‌കൂൾ മാനേജ്‌മെന്റ് ആരോപണങ്ങൾ നിഷേധിച്ചു. നിയമിച്ച വിഷയങ്ങളിലൊന്ന് പഠിപ്പിക്കാൻ കഴിവില്ലാത്തതിനാലാണ് യുവതിയെ പുറത്താക്കിയതെന്ന് അധികൃതർ പറഞ്ഞു. തന്നെ ഇംഗ്ലീഷ്, സോഷ്യൽ സയൻസ് അധ്യാപികയായി നിയമിച്ചെന്നും തന്റെ രേഖകൾ കണ്ടപ്പോൾ സ്‌കൂൾ മാനേജ്‌മെന്റ് തന്റെ ലിംഗവിവരം രഹസ്യമായി സൂക്ഷിക്കാൻ പറഞ്ഞതായും യുവതി ആരോപിച്ചു.
"മൂന്ന് ഘട്ടങ്ങളുള്ള കർശനമായ അഭിമുഖത്തിന് ശേഷം, എന്നെ സ്കൂൾ അധ്യാപികയായി നിയമിച്ചു" -അവർ പറഞ്ഞു. തന്റെ വ്യക്തിത്വം പുറത്തായതിന് ശേഷം ഒരാഴ്ചക്ക് മുമ്പാണ് തന്നോട് രാജി ആവശ്യപ്പെട്ടതെന്നും ട്രാൻസ്ജെൻഡർ അധ്യാപിക പറയുന്നു.
"മറ്റ് സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായ എന്റെ ശാരീരിക സവിശേഷതകൾ കാരണം സ്കൂളിൽ ചില ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പരിഹാസത്തിന് ഞാൻ വിധേയയായി. എന്നെ നോക്കി ആളുകൾ ചിരിക്കുകയും എന്നെ നപുംസകൻ എന്ന് വിളിക്കുകയും ചെയ്തു. എന്റെ കമ്യൂണിറ്റിയെ കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കാനും ഞാൻ ശ്രമിച്ചു. ഞാൻ ആ സമൂഹത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവരോട് പറഞ്ഞു. ഇത് സ്‌കൂൾ മാനേജ്‌മെന്റിന് സ്വീകാര്യമല്ലെന്നും സാമൂഹിക ശാസ്ത്രം പഠിപ്പിക്കാൻ എനിക്ക് യോഗ്യതയില്ല എന്ന കാരണത്താൽ എന്നെ ജോലിക്ക് എടുത്ത് 10 ദിവസത്തിന് ശേഷം ഡിസംബർ രണ്ടിന് രാജിവെക്കാൻ എന്നോട് ആവശ്യപ്പെട്ടു" -അവർ പറഞ്ഞു.
പുരുഷനായി ജനിച്ച അധ്യാപിക 2019ൽ ഇൻഡോറിലെ ഭണ്ഡാരി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

