എഫ്.ഐ.ആറിന് പുല്ലുവില, പൊലീസിനെതിരെ ഉഗ്രഭീഷണി; മുസ്‍ലിം വിദ്വേഷ പ്രസംഗം പതിവാക്കിയ നിതേഷ് റാണെയെ തൊടാതെ മറാത്താ പൊലീസ്
text_fieldsമുംബൈ: മുസ്‍ലിം സമുദായത്തിനു നേരെ വിദ്വേഷ-ഭീതി പ്രസംഗങ്ങളും പൊലീസിനെതിരെ ഭീഷണി പ്രസ്താവനകൾ നടത്തിയിട്ടും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ നാരായൺ റാണെയുടെ മകൻ നിതീഷ് റാണെ എം.എൽ.എയെ തൊടാനാകാതെ പൊലീസും സംസ്ഥാന ഭരണകൂടവും. വിവിധ റാലികളിലെ നിതേഷ് റാണെയുടെ മുസ്‍ലിം വിരുദ്ധ പ്രസ്താവനകൾക്ക് നേരെ മഹാരാഷ്ട്ര പൊലീസും സർക്കാരും കണ്ണടക്കുകയാണ്. ബി.ജെ.പി നേതാവും കങ്കാവലിയിൽ നിന്നുള്ള എം.എൽ.എയുമായ നിതേഷ് റാണെ നിരവധി തവണയാണ് വിദ്വേഷ പ്രസ്താവനകൾ നടത്തിയത്.
സെപ്റ്റംബർ ഒന്നിന് മഹാരാഷ്ട്രയിലെ ശ്രീരാംപൂരിൽ നടന്ന പരിപാടിയിൽ ‘പള്ളികളിൽ കയറി മുസ്‍ലിംകളെ മർദിക്കുമെന്ന്’ ഭീഷണി പ്രസംഗം നടത്തിയ അദ്ദേഹം ‘മുസ്‍ലിംകൾക്ക് അവരുടെ സമുദായത്തെക്കുറിച്ച് താൽപര്യമുണ്ടെങ്കിൽ രാമഗിരി മഹാരാജിനെതിരെ നിങ്ങൾ ഒരക്ഷരം മിണ്ടില്ലെന്നും’ പ്രസംഗിച്ചിരുന്നു.
അദ്ദേഹത്തിന്റെ വെറുപ്പുളവാക്കുന്ന പ്രസ്താവനക്ക് ശ്രീരാംപൂർ തോഫ്ഖാന പോലീസ് സ്റ്റേഷനുകളിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങൾക്കും മതവിദ്വേഷം വളർത്തിയതിനും രാജ്യത്തുടനീളം ഒന്നിലധികം കേസുകളിൽ പ്രതിയായ തെലങ്കാന എം.എൽ.എ ടി. രാജ സിങ്ങിനൊപ്പം സംസ്ഥാനത്തുടനീളം സകാൽ ഹിന്ദു സമാജ് സംഘടിപ്പിച്ച ഹിന്ദുത്വ റാലികളിൽ നിതേഷ് റാണെ പതിവായി പങ്കെടുക്കാറുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ മുസ്‌ലിംകൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ജിഹാദികൾ, ബംഗ്ലാദേശികൾ, റോഹിങ്ക്യകൾ തുടങ്ങിയ ലേബലുകൾ നിതീഷ് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. മുസ്‍ലിം സമുദായത്തെ സാമ്പത്തികമായി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും ലൗ ജിഹാദ്, ലാൻഡ് ജിഹാദ് എന്നീ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സ്ഥിരമായി ഉന്നയിക്കുകയും ചെയ്യുന്നു. മുസ്‌ലിംകൾ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികാരം ചെയ്യാൻ നിയമം കൈയിലെടുക്കാൻ ആഗ്രഹിക്കുന്നവർ അത് ചെയ്യണമെന്നും അവരെ താൻ രക്ഷിക്കുമെന്നും റാണെ നിരവധി പ്രസംഗങ്ങളിലും പ്രസ്താവനകളിലും പോലീസിന്റെ സാന്നിധ്യത്തിൽ പരസ്യമായി പറഞ്ഞിട്ടുണ്ട്.
താനെയിലെ മീരാ റോഡിലെ പൊലീസ് കമീഷണറുടെ ഓഫിസിൽ നിന്നും അദ്ദേഹം മുസ്‍ലിംകൾക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ വർഷം ജനുവരിയിൽ സോലാപൂരിൽ സകാൽ ഹിന്ദു സമാജ് സംഘടിപ്പിച്ച റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് റാണെയ്ക്കും എം.എൽ.എ രാജാ സിങ്ങിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഒന്നും ഒരുവിധ തുടർനടപടികളും പൊലീസും സംസ്ഥാന ഭരണകൂടവും എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.