Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിലെ സിമി...

മധ്യപ്രദേശിലെ സിമി കേസുകള്‍ക്കെല്ലാം ഒരേ എഫ്.ഐ.ആര്‍

text_fields
bookmark_border
മധ്യപ്രദേശിലെ സിമി കേസുകള്‍ക്കെല്ലാം ഒരേ എഫ്.ഐ.ആര്‍
cancel

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ സിമിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം യുവാക്കളെ ജയിലിലടച്ച മധ്യപ്രദേശില്‍ എല്ലാ കേസുകളിലും രചിച്ചത് ഒരേ എഫ്.ഐ.ആര്‍. വ്യത്യസ്ത ഭാഗങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ സിമി കേസുകള്‍ പഠിച്ച മനുഷ്യാവകാശ സംഘടനയായ ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍േറതാണ് ഈ വെളിപ്പെടുത്തല്‍. തടവുചാടിയെന്ന് പറഞ്ഞ് പിന്നീട് വെടിവെച്ചുകൊന്ന എട്ടു തടവുകാര്‍ ‘സിമി ഭീകരര്‍’ ആണെന്ന പൊലീസ് ഭാഷ്യവും സംഘടന ചോദ്യം ചെയ്തു.

2009 നവംബര്‍ 28ന് ഭീകരവിരുദ്ധ സ്ക്വാഡിലെ കോണ്‍സ്റ്റബ്ള്‍ സീതാറാം ബെഥം കൊല്ലപ്പെട്ട സംഭവത്തിനുശേഷം മധ്യപ്രദേശില്‍ ഭീകരാക്രമണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാതിരുന്നിട്ടും രാജ്യത്ത് ഏറ്റവുമധികം യു.എ.പി.എ കേസുകള്‍ ചുമത്തിയ സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് ജെ.ടി.എസ്.എ ചൂണ്ടിക്കാട്ടി. എന്നിട്ടും ഇന്ദോര്‍, സിയോണി, ഖാണ്ഡ്വ, ഭോപാല്‍, ബുര്‍ഹാന്‍പൂര്‍, ഉജ്ജൈന്‍, നീമച്, ഗുണ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ മുന്‍ സിമിക്കാര്‍, അവരുടെ കൂട്ടുകാര്‍, അവര്‍ക്ക് പരിചയമുള്ളവര്‍, സിമിയുമായി ഒരുതരത്തിലും ബന്ധമില്ലാത്തവര്‍ എന്നിങ്ങനെ നിരവധി പേരെ ഭീകരക്കേസുകളിലാക്കി യു.എ.പി.എ ചുമത്തി.

മുദ്രാവാക്യം വിളിക്കുക, ലഘുലേഖകള്‍ വിതരണം ചെയ്യുക, സിമിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് ആണയിടുക, സിമിയുമായി ബന്ധപ്പെട്ട രചനകള്‍, ഉര്‍ദു പോസ്റ്ററുകള്‍, അംഗത്വ സ്ളിപ്പുകള്‍ എന്നിവ കൈവശം വെക്കുക എന്നീ കുറ്റങ്ങളാണ് ഇപ്പോള്‍ കൊല്ലപ്പെട്ടവരടക്കമുള്ളവരുടെ അറസ്റ്റിന് കാരണമായി എല്ലാ എഫ്.ഐ.ആറുകളിലുമുള്ളത്.

സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ ഭീകരബന്ധത്തിനുള്ള തെളിവായി ഉപയോഗിച്ചിരിക്കുന്നത് ഒരേ മാഗസിനാണ്. രണ്ട് കേസുകളില്‍ സിമിക്ക് സംഭാവന ചെയ്തെന്നതിന് തെളിവായി ഒരേ രസീതി ഉപയോഗിച്ചിരിക്കുന്നു. മറ്റൊരു കേസിലെ തെളിവായി ഹാജരാക്കിയത് മുസ്ലിം വിരുദ്ധ വാര്‍ത്തക്ക് കുപ്രസിദ്ധമായ ‘ദൈനിക് ജാഗരണി’ല്‍ വന്ന സിമിയെക്കുറിച്ച വാര്‍ത്ത. നിരോധനസമയത്ത് സിമി നേതാവായിരുന്ന സഫ്ദര്‍ നാഗൂരിയെ നാര്‍ക്കോ അനാലിസിസ് ചെയ്തപ്പോള്‍ കിട്ടിയതെന്ന പേരില്‍ ജാഗരണ്‍ കൊടുത്തതായിരുന്നു അതിലൊരു വാര്‍ത്ത.

2008ലെ പീതാംബൂര്‍ കേസ് മധ്യപ്രദേശില്‍ പൊലീസ് സിമി കേസ് നിര്‍മിച്ചെടുക്കുന്ന ഒന്നാന്തരം ഉദാഹരണമാണെന്ന് ജെ.ടി.എസ്.എ വ്യക്തമാക്കി. 2008 മാര്‍ച്ച് 27ന് സിമി പ്രവര്‍ത്തകരെന്ന് ആരോപിച്ച് 13 പേരെ അറസ്റ്റ് ചെയ്ത ധറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട്  സമാനകേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ട് മധ്യപ്രദേശിലെ വിവിധ ജില്ലാ പൊലീസ് അധികാരികള്‍ക്ക് കത്തെഴുതി. ഒരു മാസത്തിനകം 18 സിമി കേസുകളും തൊട്ടടുത്തമാസം നാല് സിമി കേസുകളും മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്തു.  മുദ്രാവാക്യം വിളിയും ലഘുലേഖ വിതരണവും നിയമവിരുദ്ധ സംഘം ചേരലും പറഞ്ഞ് അറസ്റ്റ് ചെയ്ത ഇവരെയെല്ലാം സംസ്ഥാനത്തിനകത്തെ മറ്റു എഫ്.ഐ.ആറുകളിലും സംസ്ഥാനത്തിന് പുറത്തുള്ള മറ്റു ഭീകരകേസുകളിലും പിന്നീട് പ്രതിചേര്‍ത്തു.

ഇപ്പോള്‍ വെടിവെച്ചുകൊന്ന ആഖില്‍ ഖില്‍ജിയെ നിയമവിരുദ്ധ സാഹിത്യങ്ങള്‍ കൈവശം വെച്ചുവെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഖില്‍ജിയെ 2001 തൊട്ടുള്ള ഓരോ എഫ്.ഐ.ആറിലും നിരന്തരം പ്രതിയാക്കിക്കൊണ്ടിരുന്നു. 2011 ജൂണില്‍ ഖില്‍ജിയുടെ വീട് റെയ്ഡ് ചെയ്ത് പിടികൂടിയെന്ന് ഖണ്ഡ്വ പൊലീസ് അവകാശപ്പെട്ട ഖലീലും അംജദും ഇപ്പോള്‍ വെടിവെച്ചുകൊന്നവരില്‍പെടും.

2011 ജൂണ്‍ 13നും 14നുമിടയിലുള്ള രാത്രിയില്‍ ഇവരെ ഭീകരാസൂത്രണ പദ്ധതിക്കിടയില്‍ ഖില്‍ജിയുടെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, 10നും 12നുമിടയില്‍ വീട്ടില്‍ വന്ന് പൊലീസ് പൊക്കിയതാണ് ഇവരെയെന്ന് രക്ഷിതാക്കള്‍ മജിസ്ട്രേട്ടിന് വിട്ടുകിട്ടാനായി നല്‍കിയ അപേക്ഷയില്‍ ബോധിപ്പിച്ചിരുന്നു. ഇതിനെതുടര്‍ന്ന് ഖലീലിനെ തങ്ങള്‍ ജൂണ്‍ 10ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണെന്നും പിന്നീട് വിട്ടയച്ചതാണെന്നും കോട്വാലി സിറ്റി പൊലീസിന് മാറ്റിപ്പറയേണ്ടിവന്നുവെന്നും ജെ.ടി.എസ്.എ വ്യക്തമാക്കി.

Show Full Article
TAGS:bhopal fake encounter bhopal simi encounter bhopal encounter simi 
News Summary - fir reports same in madhyapradesh simi cases
Next Story