ഉത്തർപ്രദേശിൽ വാഹന പരിശോധനക്കിടെ ബൈക്കിൽ നിന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ പോലീസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു
text_fieldsഷാജഹാൻപൂർ: വാഹന പരിശോധനക്കിടെ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽവാഹന പരിശോധനക്കിടെ പൊലീസ് സബ് ഇൻസ്‌പെക്ടർ ലാത്തി കൊണ്ട് ബൈക്കിൽ അടിച്ചതിനെ തുടർന്നാണ് അപകടം സംഭവിക്കുന്നത്. ബൈക്കിൽ നിന്നും തെറിച്ചുവീണ അമരാവതിയെന്ന 35കാരിയാണ് ട്രക്കിനടിയിൽപെട്ട് മരിച്ചത്. സംഭവത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കല്യാൺപൂർ നിവാസിയായ ഭർത്താവ് പ്രദീപിന്റെ കൂടെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന അമരാവതിക്ക് നിഗോഹി പ്രദേശത്തെ ധൂലിയ വളവിൽ വെച്ചാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി മാധ്യങ്ങളോട് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ കയ്യിലുണ്ടായ ലാത്തി ഉപയോഗിച്ച് വാഹനത്തിൽ അടിച്ചതോടെ ബൈക്കിന്റെ നിയന്ത്രണം പ്രദീപിൽ നിന്നും നഷ്ടമാകുകയും തെന്നിവീണ ബൈക്കിൽ നിന്നും തെറിച്ചുവീണ അമരാവതി ട്രക്കിനടിയിൽപെട്ട് മരിക്കുകയായിരുന്നെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
സംഭവത്തിൽ നിഗോഹി പൊലീസ് സബ് ഇൻസ്പെക്ടറായ ഋഷിപാലിനും ട്രക്ക് ഡ്രൈവർക്കുമെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 105 (കുറ്റകരമായ നരഹത്യ) പ്രകാരം കേസെടുത്തിട്ടുണ്ട്. പൊലീസ് പരിശോധന നടത്തുമ്പോൾ പ്രദേശവാസികളോട് മാന്യമായി പെരുമാറണമെന്ന് തിൽഹാർ ബി.ജെ.പി എം.എൽ.എ സലോണ കുശ്വാഹ പറഞ്ഞു. ഭരണകൂടം ഇക്കാര്യം വിശദമായി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

