ഡി.കെ. ശിവകുമാറിനെതിരായ എ.ഐ വീഡിയോ: ജെ.ഡി.എസിന്റെ സോഷ്യൽ മീഡിയ പേജുകൾക്കെതിരെ കേസ്
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ പരിഹസിച്ച് മോർഫ് ചെയ്ത എ.ഐ വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ജെ.ഡി.എസുമായി ബന്ധമുള്ള ചില സമൂഹമാധ്യമ പേജുകൾക്കെതിരെ കേസ്. കോൺഗ്രസ് ലീഗൽ സെൽ അംഗം ദീപു സി.ആർ നൽകിയ പരാതിയെ തുടർന്ന് ബംഗളൂരു സൈബർ ക്രൈം വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെഷൻ 192 പ്രകാരമാണ് കേസ്. പ്രചരിച്ച വീഡിയോയിൽ ഡി.കെ. ശിവകുമാറിന്റെ രൂപവും ശബ്ദവും എ.ഐ ഉപയോഗിച്ച് പുനർസൃഷ്ടിച്ചുവെന്നാണ് ആരോപണം. ‘പഴയ ശീലം വീണ്ടും ആരംഭിക്കുന്നു, ജന്മസിദ്ധ സ്വഭാവം ഒരിക്കലും മാറില്ല’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ അദ്ദേഹത്തിന്റെ വ്യക്തിച്ഛായയെ കളങ്കപ്പെടുത്തുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ‘ജെ.ഡി.എസ്’, ‘കുമാരസ്വാമി ഫോർ സി.എം’ എന്നിവയുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നും പരാതിയിൽ പറയുന്നു.
ബിദദി ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റുകൾ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പദ്ധതിക്കായി സമ്മർദ്ദം ചെലുത്തുമ്പോൾ, ജെ.ഡി.എസും ബി.ജെ.പിയും അതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വീഡിയോ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പേജുകൾ, അഡ്മിനുമാർ എന്നിവരെ കണ്ടെത്താൻ പൊലീസ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. വ്യാജ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും എ.ഐ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

