നിരോധനാജ്ഞ ലംഘിച്ചതിന് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ജീവനക്കാരെ കൃത്യനിർവഹണം നടത്തുന്നതിൽ നിന്നും തടസ്സപ്പെടുത്തി എന്നാരോപിച്ചും നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 186 (സർക്കാർ ജീവനക്കാരെ തടയൽ), 188 (ഉത്തരവുകൾ അനുസരിക്കാതിരിക്കൽ), 332 (കൃത്യനിർവഹണം തടസപ്പെടുത്തൽ) എന്നിവ പ്രകാരം തുഗ്ലക് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഡി.സി.പി അമൃത ഗുഗുലോത്ത് പറഞ്ഞു.
144 വകുപ്പ് ലംഘിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 188 പ്രകാരം കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും കോൺഗ്രസ് നേതാക്കൾ സംഘം ചേരുകയും അക്ബർ റോഡ്, വിജയ് ചൗക്ക്, ജന്തർ മന്തർ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്തിയതായും പൊലീസ് പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ മർദിച്ചതായും പൊലീസ് ആരോപിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ, അവശ്യ സാധനങ്ങളുടെ ജി.എസ്.ടി വർധന എന്നിവക്കെതിരെ കറുത്തവസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ വെള്ളിയാഴ്ച തെരുവിലിറങ്ങിയിരുന്നു. പാർലമെന്റ് സമ്മേളനം ബഹിഷ്കരിച്ച് എല്ലാ പാർട്ടി എം.പിമാരും എ.ഐ.സി.സി ഭാരവാഹികളും കോൺഗ്രസ് ഓഫിസിനു മുന്നിൽ പ്രതിഷേധ മാർച്ചിന് ഒത്തുകൂടി. എന്നാൽ മാർച്ച് അനുവദിക്കാതെ രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

