വിദ്യാർഥിനികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന്; രാജസ്ഥാൻ സർക്കാർ സ്കൂളിലെ മുഴുവൻ ജീവനക്കാർക്കെതിരെയും കേസ്
text_fieldsജയ്പൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥിനികളെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ രാജസ്ഥാനിലെ സർക്കാർ സ്കൂളിലെ മുഴുവൻ ജീവനക്കാർക്കെതിരെയും കേസെടുത്തു. മൂന്ന് വിദ്യാർഥിനികളുടെയും രക്ഷിതാക്കൾ നൽകിയ പരാതിയിൽ സ്കൂളിലെ 15 ജീവനക്കാർക്കെതിരെയാണ് കേസെടുത്തതെന്ന് ഭിവാഡി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
കേസിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും ബലാത്സംഗ പരാതിക്ക് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ വർഷം ഇതേ സ്കൂളിലെ അധ്യാപകൻ വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായിരുന്നു. ദലിത് വിദ്യാർഥിനിയെയാണ് ഇയാൾ ബലാത്സംഗത്തിനിരയാക്കിയത്. വിചാരണയിലുള്ള ഈ കേസിൽ പ്രതിയായ അധ്യാപകൻ നിലവിൽ ജാമ്യത്തിലാണ്. ഈ അധ്യാപകനെതിരെ സ്കൂളിലെ മുഴുവൻ ജീവനക്കാരും സാക്ഷിമൊഴി നൽകിയിരുന്നു. ഈ സാക്ഷികളെ കേസിൽ കുടുക്കാനുള്ള ശ്രമമാണോ ഇപ്പോഴത്തെ പരാതികളെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രി പരാതി നൽകാൻ മൂന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കൾ സ്റ്റേഷനിലെത്തിയപ്പോൾ നേരത്തെ പ്രതിയായ അധ്യാപകൻ ഒപ്പമുണ്ടായിരുന്നു. സ്റ്റേഷനിലേക്ക് കടക്കാതെ പുറത്തുനിൽക്കുകയായിരുന്നു ഇയാൾ. ഇയാളുടെ പ്രേരണക്ക് വിധേയരായാണോ ഇപ്പോൾ മൂന്ന് പരാതികൾ നൽകിയിരിക്കുന്നത് എന്നും, അതേസമയം ജീവനക്കാർ കുറ്റക്കാരാണോയെന്നും പരിശോധിക്കുകയാണെന്ന് പൊലീസ് പറയുന്നു. പോക്സോ ചുമത്തിയാണ് ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.