ജി.എൻ. സായിബാബയെ അനുസ്മരിച്ച ‘ടിസ്സ്’ വിദ്യാർഥികൾക്കെതിരെ കേസ്
text_fieldsമുംബൈ: ജെ.എൻ.യു മുൻ അധ്യാപകൻ ജി.എൻ. സായിബാബയുടെ ചരമദിനത്തിൽ ഫോട്ടോയിൽ മെഴുകുതിരി കത്തിക്കുകയും അദ്ദേഹത്തിന്റെ കവിതകൾ ചൊല്ലുകയും ചെയ്ത ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ്) വിദ്യാർഥികൾക്കെതിരെ കേസ്. പത്തോളം പേർക്കെതിരെയാണ് ടിസ്സ് അധികൃതരുടെ പരാതിയിൽ കേസെടുത്തത്.
ബാനറുകൾ കെട്ടിയെന്നും ജയിലിലുള്ള ജെ.എൻ.യു വിദ്യാർഥികളായ ഷർജീൽ ഇമാമിനും ഉമർ ഖാലിദിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്നുമാണ് ആരോപണം.
ഞായറാഴ്ച രാത്രി 9.30ന് ടിസ്സ് കാമ്പസിലാണ് സംഭവം. അതേസമയം, ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവരെ അനുകൂലിച്ച് മുദ്രാവാക്യം വിളിയോ പ്രഭാഷണമോ ഉണ്ടായിട്ടില്ലെന്ന് അനുസ്മരണത്തിൽ പങ്കെടുത്തവരും ദൃക്സാക്ഷികളും പറഞ്ഞു. മരത്തിൽ സായിബാബയുടെ ഫോട്ടോ പതിക്കുകയും അതിന് ചുവടെ മെഴുകുതിരി തെളിക്കുകയും അദ്ദേഹത്തിന്റെ കവിത ചൊല്ലുകയുമാണുണ്ടായത്.
അരമണിക്കൂറിനകം പരിപാടി അവസാനിച്ചു. എന്നാൽ, സംഘ്പരിവാർ അനുകൂല സംഘടന പ്രവർത്തകൾ ഇടപെടുകയും മുംബൈ പൊലീസിനെയും മുഖ്യമന്ത്രിയെയും ടാഗ്ചെയ്ത് ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. തുടർന്നാണ് ടിസ്സ് അധികൃതർ പരാതി നൽകിയത്. പരിപാടിക്ക് അനുവാദം വാങ്ങിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
സി.പി.ഐ (മാവോയിസ്റ്റ്) ബന്ധത്തിന്റെ പേരിൽ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ, അംഗവൈകല്യമുള്ള സായിബാബയെ ബോംബെ ഹൈകോടതി വെറുതെ വിടുകയായിരുന്നു. 2024 ഒക്ടോബർ 12 നാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

