കൈയക്ഷരം വായിക്കാനായില്ല; മൂന്ന് ഡോക്ടർമാർക്ക് പിഴ
text_fieldsലഖ്നോ: സമൂഹത്തിൽ വായിക്കാൻ ഏറ്റവും പ്രയാസമുള്ളത് എന്താണെന്ന് ചോദിച്ചാൽ ആർക്കും ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയും... ‘ഡോക്ടർമാരുടെ മരുന്നിെൻറ കുറിപ്പടി’ എന്ന്. ഇതേക്കുറിച്ച് നിരവധി തമാശകളും നമ്മൾ കേൾക്കാറുണ്ട്. ഒടുവിലായി മരുന്നുകൾ ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളിൽ എഴുതണമെന്ന് നിയമംവരെ വന്നെങ്കിലും ‘പിന്നേം ചങ്കരൻ തെങ്ങേല്’ എന്ന് പറഞ്ഞതുപോലെയാണ് സംഗതി.
ഭൂരിപക്ഷം ഡോക്ടർമാരുടെ കുറിപ്പടികളും മെഡിക്കൽ ഷോപ്പുകളിലെ ‘വിദഗ്ധർ’ക്കല്ലാതെ വായിക്കാൻ കഴിയാറില്ല. എന്നാൽ, ഇതിനൊരു മാറ്റത്തിനായി കോടതിതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു. അലഹാബാദ് ഹൈകോടതിയാണ് വിവിധ കേസുകളിലായി മോശം കൈയക്ഷരത്തിെൻറ പേരിൽ മൂന്ന് ഡോക്ടർമാരെ ശിക്ഷിച്ചിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ച രേഖകൾ വായിക്കാൻ കഴിയാതിരുന്നതാണ് ന്യായാധിപന്മാരെ ചൊടിപ്പിച്ചത്.
ഉത്തർപ്രദേശിലെ ഉന്നാവിലെ ഡോ. ടി.പി. ജെസ്വാൾ, സീതാപുരിലെ ഡോ. പി.കെ. ഗോയൽ, ഗോണ്ടയിലെ ഡോ. ആഷിഷ് സക്സേന എന്നിവരെയാണ് കോടതി വിളിച്ചുവരുത്തി 5000 രൂപ വീതം പിഴയടപ്പിച്ചത്.
ജസ്റ്റിസുമാരായ അജയ് ലാംബ, സഞ്ചയ് ഹർകുലി എന്നിവരാണ് ശിക്ഷവിധിച്ചത്. പിഴതുക കോടതിയുടെ ലൈബ്രറി ആവശ്യങ്ങൾക്ക് വിനിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പാകെ വന്ന ഹരജിക്കാരുടെ ദേഹത്തെ പരിക്കുകൾ വിവരിക്കുന്ന ‘ഇഞ്ച്വറി റിപ്പോർട്ട്’ വായിക്കാൻ കഴിയാതെ ന്യായാധിപന്മാർ വലഞ്ഞതോടെയാണ് റിപ്പോർട്ടുകൾ എഴുതിയ ഡോക്ടർമാരെ ശിക്ഷിച്ചത്.
ഇതിനെല്ലാം പുറമെ ഭാവിയിൽ ഇത്തരം മെഡിക്കൽ റിപ്പോർട്ടുകൾ കമ്പ്യൂട്ടറിൽ ലളിതമായ ഭാഷയിൽ തയാറാക്കണമെന്നും ഇതിനായി ഡോക്ടർമാർക്ക് നിർദേശം നൽകണമെന്നും കോടതി ആഭ്യന്തരവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും ഉത്തരവിട്ടു.
മരുന്നിലെ കുറിപ്പടികളും മെഡിക്കൽ റിപ്പോർട്ടുകളും വായിക്കാൻ കഴിയുന്ന രീതിയിൽ വ്യക്തതയോടെ തയാറാക്കണമെന്ന 2012ൽ പാസാക്കിയ നിയമവും കോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
