ഫൈസലിന് എം.പി സ്ഥാനം തിരികെ നൽകിയതിനെതിരായ ഹരജിക്ക് ലക്ഷം രൂപ പിഴ
text_fieldsന്യൂഡൽഹി: വധശ്രമ കേസിലെ കുറ്റവും ശിക്ഷയും കോടതി മരവിപ്പിച്ചതിനെ തുടർന്ന് മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എം.പി സ്ഥാനം തിരിച്ചുകൊടുത്തതിനെതിരെ ഹരജി സമർപ്പിച്ച യു.പി അഭിഭാഷകന് സുപ്രീംകോടതി ഒരു ലക്ഷം രൂപ പിഴയിട്ടു.
ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ പിഴച്ചുവെന്ന് കാണിച്ച് സമർപ്പിച്ച ഹരജിക്ക് കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഞ്ച് ലക്ഷം പിഴയിട്ട യു.പിയിൽ നിന്നുള്ള അശോക് പാണ്ഡെ എന്ന അഭിഭാഷകനാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അരവിന്ദ് കുമാർ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഒരു ലക്ഷം പിഴയിട്ടത്. രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം തിരിച്ചുനൽകിയതിനെതിരെ പാണ്ഡെയുടെ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

