ജി.എസ്.ടി സ്ലാബ് ഏകീകരണത്തിൽ നഷ്ടപരിഹാരം വേണമെന്ന് ധനമന്ത്രിമാർ
text_fieldsന്യൂഡൽഹി: ചരക്കു സേവനനികുതി രണ്ട് സ്ലാബുകളാക്കി മാറ്റുന്ന പരിഷ്കരണമുണ്ടാക്കുന്ന വരുമാന നഷ്ടത്തിൽ എട്ടു പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇത് വഴിയുണ്ടാകുന്ന വരുമാനനഷ്ടം നികത്താൻ മുമ്പ് ജി.എസ്.ടി നടപ്പാക്കിയപ്പോൾ ചെയ്തതുപോലെ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ധനമന്ത്രിമാർ സംയുക്തമായി ആവശ്യപ്പെട്ടു.
സാമ്പത്തിക നേട്ടം കോർപറേറ്റുകൾക്ക് നൽകാതെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ധനമന്ത്രിമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷ സംസ്ഥാന ധനമന്ത്രിമാരുടെ സംയുക്ത നിർദേശങ്ങൾ അടുത്ത മാസം മൂന്ന്, നാല് തീയതികളിൽ നടക്കുന്ന ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കും.
ന്യൂഡൽഹി കർണാടക ഭവനിൽ ചേർന്ന യോഗത്തിൽ കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസാരിച്ചു. കൂടിയാലോചനക്കൊടുവിൽ സമവായത്തിലെത്തിയ രണ്ടു കാര്യങ്ങളിലും തങ്ങളെ പിന്തുണക്കാൻ മറ്റു സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാറിനോടും യോഗം ആവശ്യപ്പെട്ടു.
5, 12, 18, 28 എന്നിങ്ങനെ ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്കുകളുടെ നിലവിലെ സ്ലാബുകൾ രണ്ടായി ചുരുക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യപ്പെടും.
പഴയ വിലക്ക് വിറ്റ് ലാഭമുണ്ടാക്കരുത്
പരിഷ്കരണത്തിലുടെ നികുതി കുറക്കുന്നതിന്റെ നേട്ടം സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കണം. അതല്ലാതെ വിലകൂട്ടി ഉൽപന്നം വിറ്റ് നികുതിയിളവിന്റെ സാമ്പത്തിക നേട്ടമെല്ലാം കോർപറേറ്റുകളും കമ്പനികളും കൊണ്ടുപോകുന്ന സാഹചര്യമുണ്ടാകരുത്.
നേരത്തേ ഫ്രിഡ്ജിന് നികുതിയിളവ് നടപ്പാക്കിയപ്പോൾ 1000 രൂപ കുറച്ച് ജനങ്ങളിലേക്ക് അതിന്റെ പ്രയോജനമെത്തിക്കുന്നതിന് പകരം തങ്ങൾക്കുള്ള ലാഭവിഹിതം കൂട്ടി പഴയ വിലക്ക് വിറ്റത് സംസ്ഥാന ധനമന്ത്രി ബാലഗോപാൽ ഓർമിപ്പിച്ചു.
ധനമന്ത്രാലയം അറിയാതെ ബാഹ്യ ഏജൻസി ശിപാർശ
ചരക്കുസേവന നികുതി പരിഷ്കരണം കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നുണ്ടായതല്ലെന്ന അഭിപ്രായമാണ് പ്രതിപക്ഷ ധനമന്ത്രിമാർ പ്രകടിപ്പിച്ചത്. നോട്ടുനിരോധനം പോലെ ബാഹ്യ ഏജൻസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാണെന്നാണ് അവർ കരുതുന്നത്. ജി.എസ്.ടി പ്രഖ്യാപനവും പ്രധാനമന്ത്രി പൊടുന്നനെ നടത്തിയതാണ്.
പുറത്തുനിന്നുള്ള ഏജൻസി പറയുന്നത് നടപ്പാക്കിയ നോട്ടുനിരോധനത്തിൽ സംഭവിച്ചത് പോലൊരു തിരിച്ചടി ജി.എസ്.ടി പരിഷ്കരണവും ഉണ്ടാക്കുമോ എന്ന ആശങ്കയും പലരും പ്രകടിപ്പിച്ചു.
വരുമാന നഷ്ടം രണ്ടു ലക്ഷം കോടി രൂപ
ചരക്കു സേവനനികുതി പരിഷ്കരണം മൂലം മൊത്തം നികുതി വരുമാനത്തിൽ രണ്ട് ലക്ഷം കോടി രൂപവരെ കുറവുണ്ടാകുമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ മുന്നറിയിപ്പ് നൽകി. ജി.എസ്.ടി വഴി കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനത്തിലുണ്ടാകുന്ന നഷ്ടം 20 ശതമാനം എങ്കിലും വരും.
ഇത് എല്ലാ സംസ്ഥാന സർക്കാറുകളുടെയും സമ്പദ്ഘടനയെ ബാധിക്കും. വരുമാന നഷ്ടം സാമൂഹിക ക്ഷേമ പരിപാടികളെയും വികസന പദ്ധതികളെയും ബാധിക്കും. ചരക്കുസേവന നികുതി പരിഷ്കരണം യുക്തിസഹമാക്കുന്നതിനൊപ്പം സംസ്ഥാനങ്ങളുടെ വരുമാനക്കുറവ് പരിഹരിക്കുകയും വേണം.
ഇതിനായി അധാർമിക, ആഡംബര ഉൽപന്നങ്ങൾക്ക് 40 ശതമാനം നികുതിക്ക് പുറമെ അധിക തീരുവ ഈടാക്കാമെന്ന നിർദേശവും പ്രതിപക്ഷ സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചു.
കേരളത്തിന് 8000 കോടിയുടെ വരുമാന നഷ്ടം -ധനമന്ത്രി
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വൻ തിരിച്ചടിക്ക് കാരണമാകാവുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) പരിഷ്കാരം മൂലം കേരളത്തിന് ചുരുങ്ങിയത് 8000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് പ്രതിപക്ഷ ധനമന്ത്രിമാരുടെ കൂടിയാലോചന യോഗത്തിനുശേഷം സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിന്റെ പെൻഷൻ അടക്കമുള്ള ക്ഷേമ പരിപാടികളെയും ചികിത്സ പദ്ധതിയെയും ഈ നഷ്ടം ബാധിക്കുമെന്ന ആശങ്കയും ബാലഗോപാൽ പ്രകടിപ്പിച്ചു. ജി.എസ്.ടി നടപ്പാക്കുന്ന ഘട്ടത്തിൽ വരുമാന നഷ്ടമില്ലാത്ത നികുതി നിരക്ക് (റവന്യൂ നൂട്രൽ റേറ്റ്) 15.3 ശതമാനമായാണ് കണക്കാക്കിയിരുന്നത്. 2017-18ൽ നികുതിഘടന പരിഷ്കരിച്ചപ്പോൾ അത് 11.3 ശതമാനമാക്കി കുറച്ചതോടെ, സംസ്ഥാന വരുമാനത്തെ വലിയ തോതിൽ ബാധിച്ചു.
പരിഷ്കരണത്തിലൂടെ കുറവു വരുന്ന വരുമാനത്തിന് ആനുപാതികമായി നഷ്ടപരിഹാര പദ്ധതി വേണമെന്നാണ് കേരളം അടക്കം ആവശ്യപ്പെടുന്നതെന്ന് ബാലഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

