ലഖ്നോ: യാത്രക്കാരുമായി സർവിസ് നടത്തുകയായിരുന്ന ബസ് വായ്പ തിരിച്ചടവ് തെറ്റിച്ചതിന് ഫിനാൻസ് കമ്പനിയുടെ ആളുകളെത്തി പിടിച്ചെടുത്തു. 34 യാത്രക്കാരെയും കൊണ്ടാണ് ഫിനാൻസ് കമ്പനിക്കാർ ബസ് പിടിച്ചെടുത്ത് തങ്ങളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച രാവിലെ യു.പിയിലെ ആഗ്രയിലാണ് സംഭവം.
ആഗ്രയിലെ റായ്ഗഡ് ടോൾബൂത്തിന് സമീപം വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസ് ഫിനാൻസ് കമ്പനി ഏജന്‍റുമാർ പിന്നാലെ വാഹനത്തിലെത്തി തടയുകയായിരുന്നു. ബസിൽ കയറിയ ഇവർ യാത്രക്കാരെ ഇറക്കാതെ തന്നെ മറ്റൊരു കേന്ദ്രത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി. 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. ജാൻസിയിലേക്കാണ് ബസ് കൊണ്ടുപോയത്.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും പൊലീസ് പറഞ്ഞു.
തിരിച്ചടവ് മുടങ്ങിയ ബസിന്‍റെ ഉടമ ഇന്നലെ മരിച്ചിരുന്നു. തുടർന്നാണ് ഫിനാൻസ് കമ്പനി ബസ് പിടിച്ചെടുക്കാൻ തീരുമാനിച്ചത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.