ന്യൂഡല്‍ഹി: സര്‍വകലാശാലകള്‍ അവസാന വര്‍ഷ/ സെമസ്റ്റർ ബിരുദ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്ന് സുപ്രീംകോടതി. പരീക്ഷകൾ നടത്താതെ സംസ്ഥാന സർക്കാറുകൾ വിദ്യാർഥികളെ ജയിപ്പിക്കരുത്. പരീക്ഷകള്‍ നടത്താനുള്ള സെപ്തംബർ 30 ന് അപ്പുറത്തേക്ക് നീട്ടിനല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് യു.ജി.സിയോട് ആവശ്യപ്പെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അവസാന വര്‍ഷ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട യു.ജി.സി നിര്‍ദേശങ്ങള്‍ക്കെതിരെ വന്ന ഹരജികളില്‍ വിധി പ്രസ്താവിച്ച കോടതി പരീക്ഷ റദ്ദാക്കാൻ സംസ്ഥാനസർക്കാറുകൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി. ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
സെപ്റ്റംബര്‍ 30-നകം പരീക്ഷകള്‍ നടത്തണമെന്നായിരുന്നു യു.ജി.സി നിര്‍ദേശം. എന്നാല്‍ കോടതിവിധിയോടെ ഇത് നീട്ടിനല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാം.
നേരത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മഹാരാഷ്ട്ര, ഡല്‍ഹി സര്‍ക്കാരുകള്‍ അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കുമെന്ന് അറിയിച്ചിരുന്നു. കോഴ്സ് കലാവധി പൂർത്തിയാക്കിയവർക്ക് ക്യുമിലേറ്റീവ് ഗ്രേഡ് പോയിൻറ് ആവറേജ് പരിഗണിച്ച് പാസാക്കാമെന്നായിരുന്നു വാദം. എന്നാൽ ഇേൻറണൽ മാർക്കുകൾ കൊണ്ട് മാത്രം വിദ്യാർഥിയുടെ നിലവാരം രേഖപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പരീക്ഷ റദ്ദാക്കൽ അംഗീകരിക്കാനാകില്ലെന്ന് യു.ജി.സി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കണമെന്നും കമീഷന്‍ വ്യക്തമാക്കിയിരുന്നു.