ഏക്നാഥ് വസന്ത് ചിറ്റ്നിസിന് അന്ത്യാഞ്ജലി
text_fieldsഐ.എസ്.ആർ.ഒയുടെ ആദ്യരൂപമായ ‘ഇൻകോസ്പാറി’ലെ ഗവേഷകരെ സന്ദർശിക്കാൻ ജവഹർലാൽ നെഹ്റു എത്തിയപ്പോൾ (1962). ‘ഇൻകോസ്പാർ’ അക്കാലത്ത് വികസിപ്പിച്ചുകൊണ്ടിരുന്ന സാറ്റലൈറ്റിനെക്കുറിച്ച് നെഹ്റുവിന് വിശദീകരിച്ചുകൊടുക്കുന്നത് ഇ.വി ചിറ്റ്നിസ് ആണ് (ഇടതുനിന്ന് നാലാമത്; രണ്ടാമതുള്ളത് വിക്രം സാരാഭായ് ആണ്).
പുണെ: ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് വിക്രം സാരാഭായിക്കൊപ്പം അടിത്തറയിട്ട ശാസ്ത്രജ്ഞൻ ഏക്നാഥ് വസന്ത് ചിറ്റ്നിസിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. 100ാം വയസ്സിൽ പുണെയിലായിരുന്നു മരണം. ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന് ബുധനാഴ്ച കാലത്ത് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ തുമ്പയെ തെരഞ്ഞെടുത്തത് ചിറ്റ്നിസാണ്. വാർത്ത ഏജൻസിയായ പി.ടി.ഐ ചെയർമാനായിരുന്നു. രണ്ടു ദശാബ്ദത്തോളം ഡയറക്ടർ ബോർഡിലും പ്രവർത്തിച്ചു.
രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ‘നാസ’യും ഐ.എസ്.ആർ.ഒയും ചേർന്ന് നടപ്പാക്കിയ ‘സാറ്റ്ലൈറ്റ് ഇൻസ്ട്രക്ഷനൽ ടെലിവിഷൻ എക്സിപിരിമെന്റ്’ (സൈറ്റ്) പദ്ധതിയിൽ പ്രധാന പങ്കുവഹിച്ചു. ‘നാസ’യുടെ എ.ടി.എസ്-6 ഉപഗ്രഹം ഉപയോഗപ്പെടുത്തി രാജ്യത്തെ ആറു സംസ്ഥാനങ്ങളിലെ 2400 ഗ്രാമങ്ങളിൽ വിദ്യാഭ്യാസ പദ്ധതികൾ എത്തിച്ച സംഭവമെന്ന നിലയിൽ ഇത് ലോകശ്രദ്ധ നേടി. ഡി.ടി.എച്ച് ടെലിവിഷൻ പ്രക്ഷേപണത്തിന്റെ മുൻഗാമിയായും ഇത് വിലയിരുത്തപ്പെടുന്നു.
ഇ.വി ചിറ്റ്നിസ്
1981 മുതൽ 85 വരെ ചിറ്റ്നിസ് ഐ.എസ്.ആർ.ഒയുടെ അഹ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്.എ.സി) സെക്കൻഡ് ഡയറക്ടർ ആയിരുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഉൾപ്പെടെ നിരവധി ശാസ്ത്രജ്ഞർക്ക് മാർഗദർശിയായി. ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണ വാഹന പദ്ധതിയിലേക്ക് കലാമിനെ നിർദേശിച്ചത് ചിറ്റ്നിസ് ആണ്. ഈ രംഗത്തെ വിദഗ്ധ പരിശീലനത്തിനായി കലാമിനെ തെരഞ്ഞെടുത്തതും അദ്ദേഹമായിരുന്നു. 1925ൽ കോലാപുരിൽ ജനിച്ച ചിറ്റ്നിസ് പുണെയിലും പിന്നീട് മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (എം.ഐ.ടി) ഉപരിപഠനം നടത്തി. വിരമിച്ചശേഷം പുണെ സർവകലാശാലയുമായി സഹകരിച്ചിരുന്നു. പ്രമുഖ മലേറിയ ഗവേഷകനായ ചേതൻ ചിറ്റ്നിസ് (പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, പാരിസ്) മകനാണ്. മരുമകൾ: ആമിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

