രണ്ടാം ഘട്ടം എൻ.ഡി.എക്ക് വെല്ലുവിളി
text_fieldsബിഹാറിലെ 20 ജില്ലകളിൽനിന്നുള്ള 122 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനവിധി. ഏതാണ്ട് 3.7 കോടി പേർ പോളിങ് ബൂത്തിലെത്തും. 2020ൽ ഈ മണ്ഡലങ്ങളിൽ നേടിയ മേൽക്കൈ നിലനിർത്തുക എന്നതാണ് ഈ ഘട്ടത്തിൽ എൻ.ഡി.എയുടെ ഏറ്റവും വലിയ വെല്ലുവിളി. ഒന്നാം ഘട്ട വോട്ടിങ് നടന്ന 121 മണ്ഡലങ്ങളിൽ 2020ൽ, ഇൻഡ്യ മുന്നണിക്കായിരുന്നു മുൻതൂക്കം.
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കഴിഞ്ഞതവണ 15 ഇടത്ത് 3000 വോട്ടിനും മൂന്നിടത്ത് ആയിരത്തിൽ താഴെ വോട്ടിനുമാണ് സ്ഥാനാർഥികൾ ജയിച്ചുകയറിയത്. ഒന്നാം ഘട്ടത്തിൽ പോളിങ് ഉയർന്നതുപോലെ ചൊവ്വാഴ്ചയും ആളുകൾ പോളിങ് ബൂത്തിലെത്തിയാൽ അത് ഏറെ നിർണായകമാകും. സീമാഞ്ചൽ, നേപ്പാൾ അതിർത്തി പങ്കിടുന്ന മണ്ഡലങ്ങൾ എന്നിവയെല്ലാം രണ്ടാംഘട്ട വോട്ടെടുപ്പിലായതിനാൽ എസ്.ഐ.ആറും അതിനിർണായകമാണ്.
നേരത്തെ, പോളിങ് ബൂത്തിലെത്തിയപ്പോൾ മാത്രം വോട്ടർപട്ടികയിൽ പേരില്ലെന്ന് അറിഞ്ഞവരുണ്ടായിരുന്നു. ഇക്കുറി അതെത്രപേർ എന്നതും എല്ലാവരും നിരീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നുഴഞ്ഞുകയറ്റമുൾപ്പെടെ വിഷയങ്ങൾ എടുത്തിട്ടതും ഈ മേഖലയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.
രണ്ടാം ഘട്ടത്തിൽ എൻ.ഡി.എക്കുവേണ്ടി ബി.ജെ.പി 53 സീറ്റിലും ജെ.ഡി.യു 44 ഇടത്തും മത്സരിക്കുന്നു. ചിരാഗിന്റെ പാർട്ടി 15 മണ്ഡലങ്ങളിൽ ജനവിധി തേടും. പ്രതിപക്ഷ മുന്നണിയിൽ ആർ.ജെ.ഡി 71 സീറ്റിലും കോൺഗ്രസ് 37 സീറ്റിലും മത്സരിക്കുന്നു. ഇടതുപാർട്ടികൾ എട്ടിടത്തും ജനവിധി തേടും. സീമാഞ്ചലിലെ നാല് ജില്ലകൾ -അരാരിയ, പുർണിയ, കിഷൻഗഞ്ച്, കത്തിയാർ- ഈ ഘട്ടത്തിൽ ഏറെ നിർണായകമാണ്. ഇവിടെ ഉവൈസിയുടെ എ.ഐ.എം.ഐ.എം സാന്നിധ്യവും എടുത്തുപറയണം.
വിജയപരാജയങ്ങൾ നിർണയിക്കാൻ ഉവൈസിയുടെ വോട്ടുകൾ മതി. കഴിഞ്ഞതവണ 24 മണ്ഡലങ്ങളിൽ മത്സരിച്ച എ.ഐ.എം.ഐ.എം അഞ്ചിടത്ത് വിജയിച്ചു. എ.ഐ.എം.ഐ.എമ്മിന്റെ സാന്നിധ്യം ഇൻഡ്യ മുന്നണിക്കായിരിക്കും നഷ്ടമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. എ.ഐ.എം.ഐ.എം കാരണം 12 ഇടത്ത് ഇൻഡ്യക്ക് വിജയം നഷ്ടമായി.
അതേസമയം, മഗധ ഡിവിഷനിലെ അഞ്ച് ജില്ലകളിൽ ഇരുമുന്നണികളും നേരിട്ട് ഏറ്റുമുട്ടും. കഴിഞ്ഞതവണ എൻ.ഡി.എ മേൽക്കൈ നേടിയ മേഖലയാണിത്. 57 സീറ്റിൽ 34ഉം എൻ.ഡി.എയാണ് നേടിയത്. എന്നാൽ, ഇക്കുറി മഗധയിൽ ഇൻഡ്യ സഖ്യം ഇറങ്ങിക്കളിച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനുള്ള സാഹചര്യമാണുള്ളതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

