
കോവിഡിനെതിരായ പോരാട്ടം: എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിന്‍റെ പൂർണ പിന്തുണ -മോദി
text_fieldsന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിന്‍റെ പൂർണ പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചത്. ഓക്സിജൻ ടാങ്കറുകളുടെ യാത്രാസമയം കുറക്കാൻ റെയിൽവേയെയും വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ടെന്നും അതിനാൽ മെഡിക്കൽ ഓക്സിജന്‍റെ കുറവ് നേരിടുന്ന സംസ്ഥാനങ്ങൾക്ക് യഥാസമയം ലഭിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
ഓക്സിജൻ ടാങ്കറുകൾ എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന് എല്ലാ സംസ്ഥാനങ്ങളും ഉറപ്പുവരുത്തണം. അവശ്യമരുന്നുകളുടെ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവക്കെതിരെയും ജാഗ്രത പാലിക്കണം. മരുന്നുകളും ഓക്സിജനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റാൻ സംസ്ഥാനങ്ങൾ സഹകരിക്കണം. രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം തടയാൻ നമുക്ക് കഴിയും. ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഉന്നതതല ഏകോപന സമിതികൾ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാന സർക്കാറുകൾക്ക് കോവിഡ് വാക്സിനുകൾ കേന്ദ്ര സർക്കാറിന് സമാനമായ നിരക്കിൽ ലഭിക്കണമെന്ന് യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. 'ഡൽഹിയിൽ ഓക്സിജന്‍റെ വലിയ കുറവുണ്ട്. ഇവിടെ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങൾ ഇല്ലെങ്കിൽ ഡൽഹിയിലെ ആളുകൾക്ക് ഓക്സിജൻ ലഭിക്കില്ലേ? ഡൽഹിയിലേക്കുള്ള ഓക്സിജൻ ടാങ്കറുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ച് വിടുേമ്പാൾ താൻ ആരോടാണ് അപേക്ഷിക്കേണ്ടെതെന്നും കെജ്‌രിവാൾ ചോദിച്ചു.
രാജ്യത്തെ ഓക്സിജൻ നിർമാതാക്കളുമായും വീഡിയോ കോൺഫറൻസ് വഴി വെള്ളിയാഴ്ച പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഓക്‌സിജൻ ടാങ്കറുകളുമായി ലക്‌നൗവിലേക്കുള്ള രണ്ടാമത്തെ പ്രത്യേക ട്രെയിൻ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബൊക്കാരോയിൽനിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും ശനിയാഴ്ച എത്തുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
