ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാറിനെ ഭയപ്പെടണോ അവർക്കെതിരെ പൊരുതണോയെന്ന് തീരുമാനമെടുക്കേണ്ട സമയമായെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സോണിയ ഗാന്ധിയുടേയും മമത ബാനർജിയുടേയും നേതൃത്വത്തിൽ നടത്തിയ പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഉദ്ധവ് താക്കറെയുടെ പരാമർശം. നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ തുടർന്നാണ് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. മഹാരാഷ്ട്ര ലോക്ഡൗണിൽ നിന്ന് ഘട്ടം ഘട്ടമായി പുറത്ത് വരുന്നേയുള്ളു. സ്കൂളുകൾ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ഫെഡറലിസത്തെ തകർത്താണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പരീക്ഷകൾ മാറ്റിവെക്കുന്നത് സംബന്ധിച്ച പ്രശ്നത്തിൽ സുപ്രീംകോടതിയെ സമീപിക്കണം. കേന്ദ്രസർക്കാർ തീരുമാനം വിദ്യാർഥികളെ മാനസികമായി സമ്മർദത്തിലാക്കും. ഇതുപോലൊരു അരാജകത്വം ജനാധിപത്യത്തിൽ കണ്ടിട്ടില്ല. സ്ഥിതി ഗൗരവതരമാണ്. കുട്ടികൾക്ക് വേണ്ടി നമ്മൾ സംസാരിക്കണമെന്ന് മമത പറഞ്ഞു. പരീക്ഷകൾക്ക് പറ്റിയ സമയമല്ല ഇതെന്നും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദർ സിങ്, ഭുപേഷ് ഭാഗൽ, അശോക് ഗെഹ്ലോട്ട്, വി.നാരായണ സ്വാമി തുടങ്ങിയവർ സോണിയ വിളിച്ച യോഗത്തിൽ പെങ്കടുക്കുന്നുണ്ട്. സെപ്തംബറിൽ തന്നെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.