പോര് തൃണമൂലും ബി.ജെ.പിയും തമ്മിൽ; വോട്ട് ചോർത്താൻ മാത്രം മൂന്നാം മുന്നണി
text_fieldsകൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിൽ ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ചിത്രത്തിൽ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസും അധികാരം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയും മാത്രം. കോൺഗ്രസ്, ഇടത്, ഐ.എസ്.എഫ് സംഘടനകളും ഇതര മുസ്ലിം ചെറുകക്ഷികളും പ്രചാരണം കൊഴുപ്പിച്ച് അങ്കത്തിനുണ്ടെങ്കിലും ചില മണ്ഡലങ്ങളിൽ വോട്ട് ചോർത്തുന്നവർ മാത്രമായി ഇവർ ചുരുങ്ങുമെന്നുറപ്പ്.
മിക്കയിടത്തും എല്ലാ മുന്നണികൾക്കും സ്ഥാനാർഥികളുണ്ട്. എങ്കിലും, തൃണമൂലും ബി.ജെ.പിയും മാത്രമേ മത്സരരംഗത്തുള്ളൂ എന്നാണ് പ്രചാരണ രംഗത്തെ അവസാന സൂചനകൾ. 35-40 സീറ്റുകളിൽ കോൺഗ്രസ്, ഇടത്, ഐ.എസ്.എഫ്, എ.ജെ.യു.പി കക്ഷികൾ ഫലത്തെ സ്വാധീനിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അവശേഷിച്ച 250 സീറ്റുകളിലും പോര് രണ്ട് കക്ഷികൾ തമ്മിൽ മാത്രം. ബി.ജെ.പിക്ക് വലിയ സ്വാധീനമില്ലാത്ത ന്യൂനപക്ഷ മേൽക്കൈയുള്ള മണ്ഡലങ്ങളിൽ വോട്ട് ചിതറിയാൽ തൃണമൂലിനാകും നഷ്ടം. കോൺഗ്രസും ഇടത് മുന്നണിയും ഒന്നിച്ച് മത്സരിച്ച 2016നുശേഷം വിശ്വസിക്കാവുന്ന മൂന്നാം മുന്നണി സംസ്ഥാനത്തില്ല എന്നതിനാൽ ബി.ജെ.പി വിരുദ്ധ വോട്ടർമാർ കൂട്ടമായി തങ്ങളെ തുണക്കുമെന്നാണ് തൃണമൂലിന്റെ പ്രതീക്ഷ
2014ൽ കോൺഗ്രസ്, ഇടത്, തൃണമൂൽ, ബി.ജെ.പി കക്ഷികൾ വെവ്വേറെ മത്സരിച്ചപ്പോൾ അതുവരെയും നാലു ശതമാനമായിരുന്ന ബി.ജെ.പി വോട്ടുവിഹിതം 17 ആയി ഉയർന്നു. 2016ൽ കോൺഗ്രസും ഇടതും ചേർന്ന് സഖ്യമായപ്പോൾ പിന്നെയും കുറഞ്ഞ വോട്ട് പക്ഷേ, 2019ൽ സഖ്യം തകർന്നതിന് പിന്നാലെ 40 ശതമാനത്തിലേക്ക് കുതിച്ചു. കോൺഗ്രസും ഇടതുപക്ഷവും സഖ്യം ചേർന്ന 2021ൽ ഒരിക്കൽകൂടി ബി.ജെ.പി താഴോട്ടുപോയി. അഥവാ, ഇരു കക്ഷികളും ഒന്നിച്ചുനിന്നപ്പോഴൊക്കെ തൃണമൂലിന് ഗുണകരമായെങ്കിൽ അവ പലതായി പോരാടിയപ്പോൾ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്.
ഇത്തവണ പക്ഷേ, സഖ്യമുണ്ടാക്കാവുന്നത്ര പോലും ശക്തിയില്ലാത്തവയായി കോൺഗ്രസും ഇടതുപക്ഷവും സംസ്ഥാനത്ത് ദുർബലപ്പെട്ട നിലയിലാണ്. ശക്തമായ മൂന്നാം മുന്നണിയില്ലാത്തത് തൃണമൂലിന് ഗുണകരമായേക്കുമെന്ന് പറയാമെങ്കിലും പല പാർട്ടികൾക്കിടയിൽ ന്യൂനപക്ഷ വോട്ടുകൾ ചിതറുമെന്ന ആശങ്കയുണ്ട്. ഇതിനൊപ്പം തൃണമൂൽ വിരുദ്ധ വോട്ടുകൾ കൂട്ടമായി ബി.ജെ.പിക്ക് വീഴാനും സാധ്യതയേറെ.
തൃണമൂലിനും ഇടതിനുമൊപ്പം ചേർന്ന് മത്സരിച്ചിട്ട് പാർട്ടി ശക്തിപ്പെടുന്നതിലേറെ തകരുകയായിരുന്നുവെന്നും ഇനിയും ഒറ്റക്ക് മത്സരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് പാർട്ടി ഇല്ലാതാകുമെന്നും കോൺഗ്രസ് സംസ്ഥാന ഘടകം പ്രസിഡന്റ് ശുഭാങ്കർ സർക്കാർ പറയുന്നു. എന്നാൽ, തൃണമൂലിനും ബി.ജെ.പിക്കുമെതിരെ ജനവികാരം ശക്തമാണെങ്കിലും പല പാർട്ടികളുള്ളത് വോട്ട് ചിതറാനിടയാക്കുമെന്ന് സി.പി.എം നേതാവ് സുജൻ ചക്രവർത്തി ആശങ്ക പങ്കുവെക്കുന്നു.
മുസ്ലിം ഭൂരിപക്ഷ മേഖലയായ മുർഷിദാബാദ്, മാൽഡ, ഉത്തർ ദിനജ്പൂർ എന്നിവിടങ്ങളിലാകും ഇത്തവണയും പതിവുപോലെ മൂന്നാം കക്ഷികൾ വോട്ട് പിടിക്കുക. വഖഫ് നിയമം, ഒ.ബി.സി സംവരണം തുടങ്ങിയ വിഷയങ്ങളിൽ തൃണമൂൽ വിരുദ്ധ വികാരം ന്യൂനപക്ഷങ്ങൾക്കിടയിൽ സജീവമായിരുന്നെങ്കിലും 91 ലക്ഷം പേരെ പുറത്താക്കിയ എസ്.ഐ.ആർ പട്ടിക വന്നതോടെ ബി.ജെ.പി അധികാരത്തിലേറുന്ന സാഹചര്യം ഒഴിവാക്കുക എന്നതിലേക്ക് ഈ മേഖലയിൽ വോട്ടർമാർ മാറിയിട്ടുണ്ട്.
എസ്.ഐ.ആറിൽ പുറത്തായ വോട്ടർമാരിൽ 31 ലക്ഷത്തോളം മുസ്ലിംകളും 61 ലക്ഷത്തോളം ഹിന്ദുക്കളുമാണ്. കൂടുതൽ പേർ പുറത്തായ നോർത്ത്- സൗത്ത് 24 പർഗാനകൾ, മുർഷിദാബാദ്, മാൽഡ എന്നിവയൊക്കെ തൃണമൂൽ ശക്തികേന്ദ്രങ്ങളാണ്. ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന ബി.ജെ.പി പ്രഖ്യാപനം കൂടി വന്നത് തൃണമൂലിലേക്ക് വോട്ട് ഏകീകരിക്കാനിടയാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. ന്യൂനപക്ഷത്തിന് വോട്ട് വിഹിതം കുറവുള്ള വടക്ക്, തെക്കൻ മേഖലകളിൽ മൂന്നാം മുന്നണിക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

