Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ ദയാഹരജി മന്ത്രിസഭ തള്ളി, അന്തിമ തീരുമാനം ഗവർണറുടെ പക്കൽ

text_fields
bookmark_border
പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ ദയാഹരജി മന്ത്രിസഭ തള്ളി, അന്തിമ തീരുമാനം ഗവർണറുടെ പക്കൽ
cancel

ബെംഗളൂരു: 2003 ഡിസംബറിൽ 27 കാരനായ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ശുഭ ശങ്കരനാരായണൻ, ഡി. അരുൺ വർമ്മ എന്നിവർ നൽകിയ ദയാഹരജികൾ കർണാടക മന്ത്രിസഭ തള്ളി. പ്രതികളുടെ കൊലപാതകം ആസൂത്രിതവും അങ്ങേയറ്റം ക്രൂരവുമാണെന്നും, അതിനാൽ നിലവിലെ നിയമവ്യവസ്ഥക്ക് കീഴിൽ ദയാഹരജി സ്വീകരിക്കാൻ കഴിയില്ലെന്നുമാണ് മന്ത്രിസഭ വിലയിരുത്തിയത്.

ഈ ശിക്ഷാവിധി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനായി മന്ത്രിസഭയുടെ ശിപാർശ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന് അയക്കും. വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് വിടുന്നതിന് മുൻപ് ആഭ്യന്തര വകുപ്പ് പൊലീസ്, ജയിൽ വകുപ്പുകളിൽ നിന്നും റിപ്പോർട്ടുകൾ തേടിയിരുന്നു എന്ന് വ്യാഴാഴ്ച നടന്ന യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.

കേസിൽ പ്രതികളായ നാല് പേരുടെയും ജീവപര്യന്തം തടവ് ശരിവെച്ചുകൊണ്ട് 2025 ജൂലൈ 14-ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതികൾ ദയാഹരജിയുമായി മുന്നോട്ട് പോയത്. സംസ്ഥാന സർക്കാരിന്റെ എക്സിക്യൂട്ടീവ് അധികാര പരിധിയിൽ വരുന്ന കേസുകളിൽ മാപ്പ് നൽകാനും ശിക്ഷ ഇളവ് ചെയ്യാനും അല്ലെങ്കിൽ മരവിപ്പിക്കാനും ഭരണഘടനയുടെ 161-ാം അനുച്ഛേദം അനുസരിച്ച് ഗവർണറെ സമീപിക്കാൻ കോടതി എട്ട് ആഴ്ചത്തെ സമയം നൽകിയിരുന്നു. മന്ത്രിസഭ ഹരജി തള്ളിയെങ്കിലും ഇത് ഗവർണറുടെ അന്തിമ തീരുമാനമാകുന്നില്ല. ഗവർണർ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമ്പോഴാണ് ഈ ഭരണഘടനാ നടപടിക്രമം പൂർത്തിയാവുക.

ബെംഗളൂരുവിലെ ഇന്‍റൽ കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ബി.വി. ഗിരീഷും, ബി.എം.എസ് ലോ കോളേജിലെ വിദ്യാർഥിനിയായ ശുഭയും തമ്മിൽ 2003 ഡിസംബർ 1-നാണ് നിശ്ചയം കഴിഞ്ഞത്. തുടർന്ന് 2004 ഏപ്രിൽ 11-ന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു. എന്നാൽ ഗിരീഷിനെ വിവാഹം കഴിക്കാൻ ശുഭക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും സഹപാഠിയായ അരുൺ വർമ്മയുമായുള്ള ബന്ധം തുടരാൻ അവൾ ആഗ്രഹിച്ചിരുന്നു എന്നുമാണ് സുപ്രീം കോടതി പരിശോധിച്ച പ്രോസിക്യൂഷൻ കേസ് വ്യക്തമാക്കുന്നത്.

2003 ഡിസംബർ 3-ന് രാത്രി ശുഭ ഗിരീഷിനെ ഫോണിൽ വിളിച്ച് ഡിന്നറിനായി പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തൊഴിലിടത്തിന് സമീപമുള്ള 'ടി.ജി.ഐ ഫ്രൈഡേയ്സ്' റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഇരുവരും എയർപോർട്ട് റിങ് റോഡിലെ എയർ വ്യൂ പോയിന്റിൽ വിമാനങ്ങൾ ഇറങ്ങുന്നത് കാണാൻ എത്തുകയായിരുന്നു. രാത്രി 9.30-നും 9.40-നും ഇടയിൽ തങ്ങൾ ഭക്ഷണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഇരുവരും ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ ഈ സമയത്ത് വ്യൂ പോയിന്റിൽ വെച്ച് ഒരു അജ്ഞാതൻ ഇരുമ്പ് വടി ഉപയോഗിച്ച് ഗിരീഷിന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് പരിക്കേറ്റ ഗിരീഷിനെ ശുഭ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹത്തിൽ നിന്ന് പിന്മാറാൻ വേണ്ടിയാണ് ഗിരീഷിനെ ആസൂത്രിതമായി കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ശുഭ, അരുൺ വർമ്മ, മറ്റ് രണ്ട് സുഹൃത്തുക്കളായ വെങ്കടേഷ്, ദിനേഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വിചാരണ കോടതി പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിക്കുകയും പിന്നീട് കർണാടക ഹൈകോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fiancé murder case: Cabinet rejects mercy plea of ​​accused
Next Story