പട്ന: അടുത്തിടെ ബിഹാറിലെ മോത്തിഹാരിയിൽ ഒരു വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്തു. 40 ദിവസം പ്രായമുള്ള കുഞ്ഞിന് വയറ് വേദന കാരണം മോത്തിഹാരിയിലെ റഹ്മാനിയ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. പരിശോധിച്ചപ്പോൾ വയറ് വേദനയുടെ കാരണം കണ്ട് ഡോക്ടർമാരും വിവരമറിഞ്ഞ ബന്ധുക്കളും ഒരേ പോലെ ഞെട്ടി.
കുഞ്ഞിന്‍റെ വയറ്റിൽ ഒരു ഭ്രൂണം വളരുന്നതായി ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്‍റെ ഇടുപ്പെല്ലിന് സമീപമുള്ള ഭാഗം വീർത്തതായി ഡോക്ടർമാർ കണ്ടെത്തി. വയറു വീർക്കുന്നതിനാൽ കുഞ്ഞിന് ശരിയായ വിധം മൂത്രമൊഴിക്കാൻ പോലും സാധിച്ചിരുന്നില്ല.
അമ്മയുടെ വയറ്റിലായിരിക്കുമ്പോൾ തന്നെ കുഞ്ഞിന്‍റെ വയറ്റിൽ ഭ്രൂണം വികസിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇത്തരം കേസുകൾ വളരെ അപൂർവ്വമായി നടക്കുന്നതാണെന്നും മെഡിക്കൽ ഭാഷയിൽ ഇതിനെ ഫെറ്റസ് ഇൻ ഫെറ്റു എന്നാണ് വിളിക്കുന്നതെന്നും റഹ്മാനിയ മെഡിക്കൽ സെന്ററിലെ ഡോക്ടർ ഒമർ തബ്രെസ് പറഞ്ഞു.
10 ലക്ഷം കേസുകളിൽ 5 പേർക്ക് സംഭവിക്കുന്ന അപൂർവ കേസാണിത്. കുട്ടിയുടെ നില വഷളാകാൻ തുടങ്ങിയതോടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വയറ്റിൽ നിന്നും ഭ്രൂണം പുറത്തെടുത്തു. ഓപറേഷന് ശേഷം കുഞ്ഞ് പൂർണമായും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തുവെന്നും അധികൃതർ അറിയിച്ചു.