വനിത ഷൂട്ടർ കോണിക ലയാക് തൂങ്ങിമരിച്ച നിലയിൽ
text_fieldsന്യൂഡൽഹി/ഹൗറ: വനിത ഷൂട്ടർ കോണിക ലയാക്കിനെ (26) പശ്ചിമ ബംഗാളിലെ ബല്ലിയിലുള്ള ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഷാദരോഗം മൂലം ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. അവസരങ്ങൾ ലഭിക്കാത്തതിൽ കടുത്ത നിരാശയുണ്ടായിരുന്നെന്നും കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരിയിൽ ലയാക് വിവാഹിതയാകാനിരിക്കുകയായിരുന്നു. ഷൂട്ടിങ് താരങ്ങൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ രാജ്യത്ത് തുടർക്കഥയാവുകയാണ്. ഈയടുത്തായി ഷൂട്ടിങ് രംഗത്തുള്ള മൂന്നു പേരാണ് ജീവനൊടുക്കിയത്. ഝാർഖണ്ഡിലെ ധൻബാദ് സ്വദേശിനിയാണ് ലയാക്.
സംസ്ഥാന തല ജേതാവായ ഇവർ ദേശീയ മത്സരങ്ങൾക്കായുള്ള പരിശീലനത്തിലായിരുന്നു. ഈ വർഷം ആദ്യം നടൻ സോനു സൂദ് ലയാക്കിന് ജർമൻ നിർമിത തോക്ക് പരിശീലനത്തിനായി സമ്മാനിച്ചത് വാർത്തയായിരുന്നു.

