‘എന്റെ ബാഗ് മാറ്റിയാൽ വിവരമറിയും; പൂരത്തെറിയുമായി വനിത ഡോക്ടർ; വിമാനം തകർക്കും’; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് രണ്ട് മണിക്കൂർ
text_fieldsബംഗളൂരു: വിമാനത്തിനകത്ത് കാബിൻ ക്രൂവുമായും സഹയാത്രികരുമായുംകൊമ്പു കോർത്ത് തെറിയഭിഷേകം നടത്തിയ വനിത ഡോക്ടർ കാരണം വിമാനം വൈകിയത് രണ്ടുമണിക്കൂർ. ബംഗളൂരുവിൽ നിന്ന് സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐ.എക്സ് 2749 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ.
തന്റെ ബാഗ് വെച്ചിടത്തു നിന്നു മാറ്റിയാൽ നിങ്ങൾ വിവരമറിയുമെന്നും വിമാനം തകർക്കുമെന്നും ഇവർ വിളിച്ചുപറഞ്ഞു. ഒടുവിൽ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനത്തിന് പുറപ്പെടാനായത്. വിമാനത്തിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെയും കാണുന്നവരെ മുഴുവൻ തെറി വിളിച്ചു.
ബംഗളൂരു യെലഹങ്ക സ്വദേശിനായ ആയുർവേദ ഡോക്ടർ വ്യാസ് ഹിരൽ മോഹൻഭായ് (36) രണ്ട് ബാഗുകളുമായാണ് യാത്രക്കെത്തിയത്. ചെക്ക് ഇൻ കൗണ്ടറിൽ ഇവ നൽകാതെ രണ്ട് ബാഗുകളും കൈയിൽ തന്നെ പിടിച്ച് ഇവർ വിമാനത്തിൽ കയറി. ശേഷം ഒരു ബാഗ് തന്റെ സീറ്റിന് മുകളിലുള്ള കാരിയറിൽ വെച്ചു.
രണ്ടാമത്തെ ബാഗ് ഇവർ ക്യാബിൻ ക്രൂവിന്റെ ക്യാബിന്റെ അടുത്ത് കൊണ്ടു വെക്കുകയായിരുന്നു. ബാഗ് ഇവിടെ വെയ്ക്കാനാവില്ലെന്നും സീറ്റിന് മുകളിലുള്ള കാരിയറിൽ തന്നെ വെക്കണമെന്നും ജീവനക്കാർ പറഞ്ഞെങ്കിലും യുവതി ഒരു നിലക്കും സമ്മതിച്ചില്ല. ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് തന്നെ ബാഗ് വെക്കണമെന്ന് നിർബന്ധം പിടിച്ചു. പല തവണ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും കേൾക്കാതെ വന്നതോടെ ക്യാപ്റ്റനും യുവതിയെ സമീപിച്ച് അഭ്യർഥിച്ചു. എന്നാൽ ഒന്നും കേൾക്കാതെ ഇവർ ജീവനക്കാരെ അസഭ്യം പറഞ്ഞു. ഏതാനും യാത്രക്കാരും പ്രശ്നത്തിൽ ഇടപെട്ടതോടെ യുവതി അവരെയും തെറിവിളി തുടങ്ങി. തന്റെ ബാഗ് അവിടെ നിന്ന് നീക്കിയാൽ വിമാനം തകർക്കുമെന്നും യുവതി പറഞ്ഞു
തുടർന്ന് ക്യാപ്റ്റൻ സുരക്ഷാ ജീവനക്കാരെയും സി.ഐ.എസ്.എഫിനെയും വിവരമറിയിച്ചു. ഇവർ വിമാനത്തിലെത്തി യുവതിയെ പുറത്തിറക്കി. ഉച്ചയ്ക്ക് 2.45ന് ആരംഭിച്ച പ്രശ്നങ്ങൾ വൈകുന്നേരം 5.30ഓടെയാണ് അവസാനിച്ചത്. എന്നാൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവതി അവിടെയും ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

