ദേവഗൗഡയോട് സഹതാപം തോന്നുന്നു; 2024 ലോക്സഭ തെരഞ്ഞെടുപ്പിലെ ധൈര്യം ബി.ജെ.പിയും ജെ.ഡി.എസും ദുർബലമായത് -ഡി.കെ ശിവകുമാർ
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: ബി.ജെ.പിയും ജെ.ഡി.എസും ദുർബലമായതാണ് 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലുള്ള തങ്ങളുടെ ആത്മവിശ്വാസമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും കോൺഗ്രസ് പി.സി.സി അധ്യക്ഷനുമായ ഡി.കെ ശിവകുമാർ. ദുർബലരായത് കൊണ്ടാണ് ഇരുവരും കൈകോർക്കാൻ തീരുമാനിച്ചത്. വർഷങ്ങളായി മതേതര പാർട്ടി നയിച്ചിരുന്ന വ്യക്തിയാണ് എച്ച്.ഡി ദേവഗൗഡയെന്നും അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ട്. അതിന് കാരണം സംസ്ഥാനത്ത് ബി.ജെ.പിയും ജെ.ഡി.എസും ദുർബലമായതാണ്. ദുർബലമായത് കൊണ്ടാണ് ഇരുവരും കൈകോർക്കാർ തീരുമാനിച്ചത്. എച്ച്.ഡി ദേവഗൗഡയോട് സഹതാപം തോന്നുന്നുണ്ട്. വർഷങ്ങളായി അദ്ദേഹം ഒരു മതേതര പാർട്ടിയെ നയിക്കുകയായിരുന്നു. മുസ്ലിം നേതാക്കളെ ചേർത്തുനിർത്തി മതേതര രാഷ്ട്രീയവും അദ്ദേഹം നടത്തിയിരുന്നു. എന്നാൽ ഇന്ന് തലകുനിക്കാൻ അദ്ദേഹം നിർബന്ധിതനാണ്. ജെ.ഡി.എസ് നേതാക്കൾ എന്തുകൊണ്ടാണ് കോൺഗ്രസിൽ ചേരുന്നത്? കാരണം അവർക്ക് ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് അറിയാം. അവരുടെ വ്യക്തിത്വം നഷ്ടപ്പെടുമെന്ന തിരിച്ചറിവ് അവർക്കുണ്ട്. ആറ് മാസമെടുത്താണ് ബി.ജെ.പി പ്രതിപക്ഷ നേതാവിനെ നിയമിച്ചത്. ആറ് മാസം! ഈ കാലയളവ് തന്നെ അവരുടെ ദൗർബല്യമാണ് വിളിച്ചോതുന്നത്" -ശിവകുമാർ പറഞ്ഞു.
കോൺഗ്രസ് ഒരു സംസ്ഥാനത്തും സൗജന്യങ്ങൾ നിരത്തി രാഷ്ട്രീയം നടത്തുന്നില്ലെന്നും ജനങ്ങളെ സാമ്പത്തികമായി ശക്തരാക്കുക മാത്രമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. എന്നാൽ ഗ്യാസ്, സ്കൂൾ ഫീസ്, വൈദ്യുതി ബിൽ തുടങ്ങിയവയെല്ലാം വർധിക്കുകയാണുണ്ടായത്. വരുമാനം വർധിച്ചില്ലെന്ന് മാത്രമല്ല ജീവിക്കാൻ സാധാരണക്കാർ പ്രയാസപ്പെടുകയാണ്. അവരുടെ നിലനിൽപ്പിന് സഹായിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ശിവകുമാർ വ്യക്തമാക്കി.
കർണാടകയിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചത് പോലെ രാജ്യമാകെ മാറ്റത്തിനായി കാത്തിരിക്കുകയാണ്. അതിന്‍റെ ആദ്യ പടിയായാണ് കർണാടകയിൽ ഇൻഡ്യ സഖ്യം പിറന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി ലിംഗായത് വൊക്കലിഗ സമുദായത്തെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണെന്നത് കോൺഗ്രസിന് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് ഒരു നേതാവിനെ സ്വാധീനിച്ചത് കൊണ്ട് ഒരു വിഭാഗത്തെ കീഴ്പ്പെടുത്താനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.