രാജ്ഗഡ്: മധ്യപ്രേദശിലെ രാജ്ഗഡ് പ്രവശ്യയിലെ സങ്ക ശ്യാംജി ഗ്രാമത്തിൽ സ്ത്രീകൾ പ്രസവിച്ചിട്ട് 400 വർഷങ്ങളായി. ഗ്രാമത്തിൽ ആരെങ്കിലും പ്രസവിച്ചാൽ അമ്മയോ കുഞ്ഞോ മരിക്കുമെന്നാണ് വിശ്വാസം. നാട്ടുകാർ ഇതിനെ ശാപമെന്ന് വിശേഷിപ്പിക്കുന്നു.
ഭോപ്പാലിൽ നിന്നും 130 കിലോമീറ്റർ അകലെയുള്ള സങ്ക ശ്യാംജിയിലെ സ്ത്രീകൾക്ക് പ്രസവിക്കണമെങ്കിൽ ഗ്രാമത്തിന്‍റെ പുറത്ത് പോകണം. ഇതിന് പ്രത്യേക നിയമങ്ങളൊന്നും നിലനിൽക്കുന്നില്ലെങ്കിലും ഒരു സ്ത്രീക്കും അവിടെ പ്രസവിക്കാൻ അനുവാദമില്ല.
90% പ്രസവങ്ങളും ആശുപത്രിയിലാണ് നടക്കുന്നതെന്നും അത്യാവശ്യത്തിനായി ഗ്രാമത്തിന് പുറത്ത് തന്നെ ഒരു മുറി പണിതിട്ടുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു. മഴയുണ്ടെങ്കിൽ പോലും സ്ത്രീകളെ പ്രസവത്തിനായി ഗ്രാമത്തിന് പുറത്തുള്ള മുറിയിലേക്ക് കൊണ്ടു പോകും.
ഇൗ ശാപം വരാൻ കാരണം ഒരു സ്ത്രീ ക്ഷേത്ര നിർമ്മാണത്തെ തടസ്സപ്പെടുത്തിയതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗ്രാമത്തിൽ ക്ഷേത്രം പണിയുന്ന സമയത്ത് ഒരു സ്ത്രി ഗോതമ്പ് പൊടിക്കാൻ ആരംഭിച്ചെന്നും അത് ക്ഷേത്ര നിർമ്മാണത്തെ തടസ്സപ്പെടുത്തിയതിനാൽ ദൈവം കോപിച്ച് ശപിച്ചതിനാലാണ് ഇൗ പ്രശ്നമെന്നും ഒരു കൂട്ടം ഗ്രാമവാസികൾ ഇന്നും വിശ്വസിക്കുന്നു.
എന്നാൽ ഇതെല്ലാം വെറും കെട്ടു കഥകളാണെന്നും പ്രസവത്തെ തുടർന്നുണ്ടാകുന്ന ദുരന്തങ്ങൾ നിത്യസംഭവമാവുന്നതിനാൽ അപകടസാധ്യത ഒഴിവാക്കാനാണ് ഗ്രാമത്തിന് പുറത്തെ മുറിയെ ആശ്രയിക്കുന്നതെന്നും യുവാക്കൾ പറഞ്ഞു.