കോവിഡ് ബാധിച്ച് മരിക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തിൽ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ്. ഓരോ കേസിലെയും യോഗ്യതകൾ വിലയിരുത്തിയാവണം മുൻകൂർ ജാമ്യം അനുവദിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സർക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജയിലുകളിലെ കോവിഡ് വ്യാപനവും തടവുപുള്ളികളുടെ എണ്ണക്കൂടുതലും പരിഗണിച്ച് ജാമ്യം അനുവദിക്കാമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വിധി.
130 ഓളം കേസുകളിൽ പ്രതിയായ പ്രതീക് ജയിൻ എന്നയാളെ 2022 ജനുവരി വരെ ജാമ്യത്തിൽ വിടാനുള്ള തീരുമാനമാണ് വിവാദമായത്. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും മറ്റു കോടതികളിലും മുൻകൂർ ജാമ്യത്തിനായി ഈ വാദം ഉന്നയിക്കപ്പെടുമെന്നും യു.പി സർക്കാർ ചൂണ്ടിക്കാട്ടി.
ജയിലുകളിൽ കോവിഡ് കേസുകൾ വർധിക്കുന്നതും കുറ്റവാളികൾ പെരുകുന്നതും തടവുകാരുടെയും ജയിൽ ജീവനക്കാരുടെയും ജീവന് ഭീഷണിയാണെന്ന് ഹൈക്കോടതി ഈ മാസം ആദ്യം നിരീക്ഷിച്ചിരുന്നു. ഇത്തരം കേസുകളിൽ കുറ്റാരോപിതർക്ക് നിശ്ചിത കാലത്തേക്ക് മുൻകൂർ ജാമ്യം നൽകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

