‘പാകിസ്താനിൽ നിന്ന് ഭീഷണി, കൊല്ലപ്പെട്ടേക്കാം,’ എൻ.ഐ.എ കസ്റ്റഡിയിൽ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് അധോലോക നേതാവ് അൻമോൽ ബിഷ്ണോയി
text_fieldsഅൻമോൽ ബിഷ്ണോയ്
ന്യൂഡൽഹി: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) കസ്റ്റഡിയിൽ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് ഹരജി നൽകി അധോലോക നേതാവ് അൻമോൽ ബിഷ്ണോയി.അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടതിന് പിന്നാലെ, നിലവിൽ എൻ.ഐ.എ കസ്റ്റഡിയിൽ കഴിയുന്ന അൻമോൽ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് ഹരജി നൽകിയത്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവായ ഷഹ്സാദ് ഭട്ടിയിൽ നിന്ന് ഭീഷണിയുണ്ടെന്നും താൻ കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും അൻമോൽ ഹരജിയിൽ പറയുന്നു. അടുത്തിടെ ഷഹ്സാദ് ഭട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഭീഷണികളും ഹരജിയിൽ പരാമർശിക്കുന്നുണ്ട്. ഇതാദ്യമായാണ് പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി കോടതിക്ക് പുറമെ എൻ.ഐ.എ ആസ്ഥാനത്ത് എത്തി ഹിയറിങ് നടത്തിയത്. കടുത്ത സുരക്ഷ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
തന്നെ ഉന്നമിട്ട് കൊലപ്പെടുത്തുമെന്ന് ഭീഷണി തുടരെ ഉയരുന്നത് കണക്കിലെടുത്ത് സുരക്ഷ വർധിപ്പിക്കണമെന്നായിരുന്നു അൻമോലിന്റെ ഹരജിയിലെ പ്രധാന ആവശ്യം. സഹോദരന്റെ ജീവൻ രക്ഷിക്കാൻ ലോറൻസ് ബിഷ്‍ണോയിയെ വെല്ലുവിളിക്കുന്ന ഷെഹ്സാദ് ഭട്ടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളും ലോറൻസിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. പൊലീസ് സംരക്ഷണം വർധിപ്പിക്കണമെന്നും എൻ.ഐ.എ ആസ്ഥാനത്തിന് പുറത്ത് കോടതിയിലേക്കടക്കം എത്തിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കണമെന്നും ബുളളറ്റ് പ്രൂഫ് ജാക്കറ്റ് നൽകണമെന്നും വധഭീഷണി കണക്കിലെടുത്ത് സുരക്ഷാ വിലയിരുത്തലുകൾ നടത്താൻ അധികാരികളോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്. സമാനമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഭീഷണികൾ മുമ്പ് യഥാർഥ അതിക്രമങ്ങളിലേക്ക് വഴിമാറിയ സംഭവങ്ങളുണ്ടെന്നും അൻമോലിന്റെ ഹരജിയിൽ പറയുന്നു.
കോടതിയിൽ അൻമോലിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. കഴിഞ്ഞ 11 ദിവസങ്ങളിലായി അൻമോൽ എൻ.ഐ.എ കസ്റ്റഡിയിൽ തുടരുകയാണ്. യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ശൃംഘയെ സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായും അൻമോലിന്റെ കസ്റ്റഡി നീട്ടിയാൽ ബിഷ്‍ണോയ് ഗാംഗിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സമാഹരിക്കാനാവുമെന്നും എൻ.ഐ.എയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എൻ.ഐ.എയുടെ ആവശ്യം അംഗീകരിച്ച കോടതി അൻമോലിന്റെ കസ്റ്റഡി ഏഴുദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
കുപ്രസിദ്ധ അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോലിനെ നവംബർ 18നാണ് യു.എസിൽനിന്ന് നാടുകടത്തിയത്. 2024 നവംബർ മുതൽ യു.എസിന്റെ തടവിലായിരുന്നു ഇയാൾ. നവംബർ 19ന് ഡൽഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ അൻമോലിനെ എൻ.ഐ.എ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2022 മുതൽ ഒളിവിലായിരുന്ന അൻമോൽ, ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന 19-ാമത്തെ പ്രതിയാണ്. 2024 ഒക്ടോബറിൽ നടന്ന എൻ.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകം, 2024- ഏപ്രിലിൽ നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പ്, പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകം എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് എൻ.ഐ.എയുടെ നിഗമനം.
2020-നും 2023-നും ഇടയിൽ ലോറൻസ് ബിഷ്‌ണോയിക്കും ഗോൾഡി ബ്രാറിനും ഭീകരപ്രവർത്തനങ്ങളിൽ സജീവമായി പിന്തുണ നൽകുന്നതിൽ ഇയാളുടെ പങ്ക് 2023 മാർച്ചിലെ കുറ്റപത്രത്തിൽ എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. വിദേശത്തിരുന്ന് ഇന്ത്യയിൽ ഭീകര ശൃംഖല ഉണ്ടാക്കുകയും നിയന്ത്രിക്കുകയും ഷൂട്ടർമാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതിനു പുറമെ സംഘാംഗങ്ങൾക്ക് ഒളിയിടം, ആയുധങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ഇയാൾ ഒരുക്കിയിരുന്നുവെന്നും എൻ.ഐ.എ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

