വാഷിങ്ടൺ: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി യു.എസ്. രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാനുള്ള നീക്കങ്ങൾക്കാണ് യു.എസ് തുടക്കം കുറിച്ചിരിക്കുന്നത്. ഡെൽറ്റ വകഭേദം പടരുന്നതിനിടെയാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം.
പുതിയ ഉത്തരവിലൂടെ പ്രതിരോധശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ ഡോക്ടർമാർക്ക് അനുമതിയുണ്ടാവുമെന്ന് എഫ്.ഡി.എ കമീഷണർ ഡോ.ജാനറ്റ് വുഡ്കോക്ക് അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർക്കും മറ്റ് ഗുരുതര രോഗമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുകയെന്നാണ് സൂചന. ഇവർക്ക് ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിന്റെ ഒരു ഡോസ് കൂടി നൽകും.
എന്നാൽ തീരുമാനത്തിന് അന്തിമാനുമതിയായിട്ടില്ലെന്നും എഫ്.ഡി.എ കൂട്ടിച്ചേർക്കുന്നു. വാക്സിൻ ഉപദേശക സമിതിയും എഫ്.ഡി.എയും ഇന്ന് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. യോഗത്തിന്‍റെ അനുമതി ലഭ്യമായാലുടൻ വാക്സിൻ നൽകാനുള്ള നടപടികൾക്ക് തുടക്കം കുറിക്കും.
അർബുദ, എയ്ഡ്സ് രോഗികൾക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് വൈറ്റ് ഹൗസ് ആരോഗ്യ ഉപദേഷ്ടാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടികൾക്ക് എത്രയും വേഗം തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം, ലോകത്തെ വാക്സിൻ ക്ഷാമം ഒഴിവാക്കാൻ ബൂസ്റ്റർ ഡോസ് നൽകുന്നതിൽ നിന്നും സമ്പന്ന രാജ്യങ്ങൾ പിന്മാറണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.