എഫ്.സി.ആർ.എ പ്രതികരണവുമായി കേന്ദ്രം
text_fieldsകിരൺ റിജിജു
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയതോടെ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ പ്രതികരണവുമായി രംഗത്ത്. എഫ്.സി.ആർ.എ ഭേദഗതി സംബന്ധിച്ച് കേരളത്തിൽ പ്രതിപക്ഷമായ യു.ഡി.എഫും ഭരണകക്ഷിയായ എൽ.ഡി.എഫും വ്യാജ പ്രചാരണമാണ് നടത്തുന്നതെന്നും നിയമഭേദഗതി ഏതെങ്കിലുമൊരു മതവിഭാഗത്തിന് എതിരല്ലെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ അത്യന്തം അപകടകരമാണെന്ന് പ്രതിപക്ഷം ലോക്സഭയിൽ വിമർശിച്ചപ്പോൾ നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്കാണ് ഇത് അപകടകരമെന്നായിരുന്നു ബിൽ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ മറുപടി. ഇക്കാര്യം ക്രൈസ്തവ സഭാ നേതാക്കൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
എന്നാൽ, നിയമഭേദഗതിയിലെ നിർദിഷ്ട വ്യവസ്ഥകൾ മതന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരാണെന്ന് പ്രതിപക്ഷ കക്ഷികൾ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കിരൺ റിജിജു പറഞ്ഞു.
ഏതെങ്കിലും മതത്തെയോ സമൂഹത്തെയോ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളെയോ ലക്ഷ്യമിടുന്നതല്ല നിയമഭേദഗതി. വിദേശ സംഭാവനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കുക മാത്രമാണ് ലക്ഷ്യം. ദേശീയ സുരക്ഷാ ഭീഷണികൾ തടയുന്നതിലാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
എഫ്.സി.ആർ.എ രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടതായി കണക്കാക്കുമെന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. അങ്ങനെ സംഭവിച്ചാൽ അത്തരം സ്ഥാപനങ്ങളുടെ ആസ്തികളുടെ നിയന്ത്രണം കേന്ദ്ര സർക്കാർ നിയോഗിക്കുന്ന അതോറിറ്റിക്ക് ഏറ്റെടുക്കാൻ കഴിയും. നിയമഭേദഗതി വാൾ പോലെ ന്യൂനപക്ഷങ്ങളുടെ മീതെ നിൽക്കുകയാണെന്നും ക്രിസ്ത്യൻ സമൂഹത്തെ വരുതിയിൽ നിർത്താനാണ് ഉദ്ദേശ്യമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ എം.പിമാർ ലോക്സഭയിൽ ഇല്ലാതിരുന്ന മാർച്ച് 25ന് നോട്ടീസ് പോലും നൽകാതെയാണ് ബിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

