എഫ്.സി.ആർ.എ നിയമ ഭേദഗതി: ന്യൂനപക്ഷ സാമൂഹിക സംഘടനകൾക്ക് ഭീഷണി -സി.ബി.സി.ഐ
text_fieldsന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്.സി.ആർ.എ) നിയമ ഭേദഗതിക്കുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). നിർദിഷ്ട നിയമഭേദഗതി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിദേശ സംഭാവനകളെ ആശ്രയിക്കുന്ന ന്യൂനപക്ഷ സാമൂഹിക സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിനും നിലനിൽപിനും ഭീഷണിയാണെന്ന് സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ ചൂണ്ടിക്കാട്ടി.
ഭേദഗതി ബില്ലിലെ നിർദിഷ്ട വ്യവസ്ഥകൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചു. തർക്ക വ്യവസ്ഥകളെല്ലാം നീക്കംചെയ്ത് ന്യൂനപക്ഷങ്ങളുടെയും എല്ലാവരുടെയും മൗലികാവകാശങ്ങൾ ഉറപ്പുവരുത്തണം. അപ്പലേറ്റ് അതോറിറ്റി രൂപവത്കരിക്കുന്ന കാര്യം ബില്ലിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ എൻ.ജി.ഒകളുടെയും ചാരിറ്റി സ്ഥാപനങ്ങളുടെയും എഫ്.സി.ആർ.എ ലൈസൻസ് പല കാരണങ്ങൾ പറഞ്ഞ് പുതുക്കി നൽകാതിരിക്കാനും, ബില്ലിൽ നിർദേശിക്കുന്ന അധികാരം ഉപയോഗിച്ച് അവയുടെ ഫണ്ടുകളുടെയും, ആസ്തികളുടെയും നിയന്ത്രണം പിടിച്ചെടുക്കാനുമാണ് നീക്കം. രജിസ്ട്രേഷൻ റദ്ദാക്കുകയോ സറണ്ടർ ചെയ്യുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാറിനെ അനുവദിക്കുന്ന നിയമം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും മാത്രമല്ല, സ്വാഭാവിക നീതിക്ക് നിരക്കാത്തതുമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇത്തരം നീക്കങ്ങളും നടപടികളും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായാൽ ചാരിറ്റി സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളായ നിരാലംബരും അധഃസ്ഥിതരുമായ ലക്ഷക്കണക്കിന് പാവങ്ങളെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത അഭിഭാഷകയായ സിസ്റ്റർ മേരി സ്കറിയ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

