`എഫ്.സി.ആർ.എ ഭീകരവാദപ്രവർത്തനങ്ങൾ തടയാന്, എല്ലാ സംഘടനകൾക്കും ബാധകം' -ദേവേന്ദ്ര ഫഡ്നാവിസ്
text_fieldsദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ്.സി.ആർ.എ)ഭേദഗതി ബിൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്നപോലെ ഒരു പ്രത്യേക മതത്തിന് എതിരല്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നാഗ്പൂരിൽ നടന്ന ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമം വിദേശ സംഭാവന സ്വീകരിക്കുന്ന എല്ലാ മത സാമുദായിക സംഘടനകൾക്കും ബാധകമാണെന്നും അവയിൽ നിയമാനുസൃതമായി പ്രവൃത്തിക്കുന്ന ഒരു സംഘടനകൾക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്രസർക്കാർ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തിയത്. നിർദിഷ്ട നിയമ നിർമാണവും പുതുതായി കൊണ്ടുവന്ന ചട്ടങ്ങളും പിൻവലിക്കണമെന്ന് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.
ചില സംഘടനകൾ എഫ്.സി.ആർ.എ ഉപയോഗിച്ച് രാജ്യത്തേക്ക് പണം കൊണ്ടുവരികയും ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് ഭേദഗതി കൊണ്ടുവരാനുള്ള കാരണം. നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് ഈ ബിൽ യാതൊരു തടസ്സവും ബുദ്ധിമുട്ടും ഉണ്ടാക്കില്ല. എഫ്.സി.ആർ.എ വ്യവസ്ഥകൾ നിലനിൽക്കും കൃത്യമായ കണക്കുകൾ ബോധിപ്പിക്കുന്നവരുടെ ലൈസൻസ് നിലനിൽക്കുകയും ചെയ്യും എന്ന് ഫഡ്നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബില്ലിനെക്കുറിച്ച് എന്തെങ്കിലും പറയാനുള്ളവർക്ക് പാർലമെന്റിൽ ഉന്നയിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സർക്കാർ എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാണ്. ഇത് ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം വിഷയമല്ല. മതവും സമുദായവും നോക്കാതെ എല്ലാ സംഘടനകളെയും ഉൾക്കൊള്ളുന്നതാണ് എഫ്.സി.ആർ.എ എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.
എഫ്.സി.ആർ.എ ബില്ലിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച യു.എസ് ജനപ്രതിനിധിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ എന്തുകൊണ്ടാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അനിവാര്യമാണെന്ന് വ്യക്തമാക്കുന്നത് ആ പ്രസ്താവന തന്നെയാണെന്നായിരുന്നു ഫഡ്നാവിസിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

