എഫ്.സി.ആർ.എ ഭേദഗതി ബിൽ; ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിച്ചേക്കാമെന്ന് യു.എസ് കോൺഗ്രസ് അംഗം
text_fieldsവാഷിങ്ടൺ: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) ഭേദഗതി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ വിമർശനവുമായി യു.എസ് കോൺഗ്രസ് അംഗം റൈലി മൂർ രംഗത്ത്. ഈ നീക്കം ക്രിസ്ത്യാനികൾക്കെതിരായ വ്യക്തമായ ആക്രമണമാണെന്നും ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പ്രധാന പ്രശ്നമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട ഭേദഗതികൾ വഴി സർക്കാരിന് പള്ളികളുടെയും മതപരമായ ജീവകാരുണ്യ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. പാർലമെന്റിന്റെ നിലവിലുള്ള വർഷകാല സമ്മേളനത്തിൽ എഫ്.സി.ആർ.എ ഭേദഗതി ബിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ദീർഘകാല ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ടാണ് യു.എസ് കോൺഗ്രസ് അംഗം എക്സിൽ കുറിപ്പ് പങ്കുവെച്ചത്. ഇന്ത്യയിൽ ക്രിസ്തുമതത്തിന് വലിയ പാരമ്പര്യമുണ്ടെന്നും എന്നാൽ നിലവിൽ പാർലമെന്റ് പരിഗണിക്കുന്ന എഫ്.സി.ആർ.എ നിയമഭേദഗതി മതപരമായ ചാരിറ്റികളുടെയും പള്ളികളുടെയും മേൽ സർക്കാർ നിയന്ത്രണത്തിന് വഴിയൊരുക്കുമെന്നും റൈലി മൂർ വിമർശിച്ചു. ഈ ബിൽ ഈ രീതിയിൽ മുന്നോട്ട് പോയാൽ അത് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുമെന്നും റൈലി മൂർ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ അനുമതിയില്ലാതെ സന്നദ്ധ സംഘടനകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപരമായ സംഘടനകൾ എന്നിവക്ക് വിദേശ ഫണ്ടുകൾ സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലാണ് പുതിയ ഭേദഗതികൾ കൊണ്ടുവരുന്നത്. നിലവിലെ നിയമപ്രകാരം വിദേശ സംഭാവനകൾ സ്വീകരിക്കാൻ സംഘടനകൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് രജിസ്ട്രേഷൻ നേടുകയും ഓരോ അഞ്ച് വർഷത്തിലും ഇത് പുതുക്കുകയും വേണം. ജൂലൈ 15, 2026 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 14,449 സജീവ എഫ്.സി.ആർ.എ രജിസ്ട്രേഷനുകൾ ഉണ്ടെന്നാണ് ബില്ലിന്റെ പശ്ചാത്തല കുറിപ്പിൽ വ്യക്തമാക്കുന്നത്.
രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ, കാലാവധി കഴിയുകയോ ചെയ്താൽ വിദേശ സംഭാവനകളുടെയും ആ ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച ആസ്തികളുടെയും മാനേജ്മെന്റ് ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ നിയമിക്കുന്ന പ്രത്യേക അതോറിറ്റിക്ക് അധികാരം നൽകുന്നതാണ് പ്രധാന നിർദേശങ്ങളിൽ ഒന്ന്. കൂടാതെ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ പത്ത് ലക്ഷം രൂപയിൽ താഴെ മാത്രം വിദേശ സംഭാവനകൾ ലഭിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടുള്ള സംഘടനകൾക്ക് രജിസ്ട്രേഷൻ പുതുക്കി ലഭിച്ചേക്കില്ലെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ഈ പുതിയ അതോറിറ്റിയുടെ അധികാരങ്ങളാണ് നിലവിലുള്ള വിവാദങ്ങൾക്ക് പ്രധാന കാരണം. വിദേശ ഫണ്ടിനെ ആശ്രയിക്കുന്ന സംഘടനകളിൽ കേന്ദ്ര സർക്കാരിന് അമിതമായ നിയന്ത്രണം നൽകുന്നതാണ് ഈ ഭേദഗതികളെന്ന് പ്രതിപക്ഷ പാർട്ടികളും സന്നദ്ധ സംഘടനകളും ആരോപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

