എഫ്.സി.ആർ.എ നിയമഭേദഗതിക്കെതിരെ പ്രധാനമന്ത്രിക്ക് കെ. രാധാകൃഷ്ണന്റെ കത്ത്
text_fieldsന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) കൊണ്ടുവന്ന പുതിയ ഭേദഗതികൾ രാജ്യത്തെ സിവിൽ സൊസൈറ്റി സംഘടനകളെയും കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് കാണിച്ച് സി.പി.ഐ.എം. ലോക്‌സഭാ കക്ഷി നേതാവ് കെ. രാധാകൃഷ്ണൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതേ വിഷയത്തിൽ സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തയച്ചു.
വിദേശ ഫണ്ടുകളുടെ വിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളെ പിന്തുണക്കുമ്പോൾ തന്നെ, 2026-ലെ പുതിയ ഭേദഗതി ബില്ലിലെ പല വ്യവസ്ഥകളും ദശാബ്ദങ്ങളായി സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ തകർക്കുന്നതാണെന്ന് രാധാകൃഷ്ണൻ കത്തിൽ ചൂണ്ടിക്കാട്ടി.
ലൈസൻസ് പുതുക്കുന്നതിലെ കാലതാമസത്തിന്റെ പേരിൽ സന്നദ്ധ സംഘടനകളുടെ ആസ്തികൾ കണ്ടുകെട്ടാൻ 'ഡെസിഗ്നേറ്റഡ് അതോറിറ്റി'ക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ അത്യന്തം അപകടകരമാണ്. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള ജനകീയ സ്ഥാപനങ്ങൾ ഇത്തരത്തിൽ സർക്കാർ ഏറ്റെടുക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ആയതിനാൽ ആസ്തികൾ കണ്ടുകെട്ടാനുള്ള വ്യവസ്ഥകൾ പിൻവലിക്കണമെന്നും രജിസ്‌ട്രേഷൻ നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കി ന്യൂനപക്ഷ വിഭാഗങ്ങളുമായും സന്നദ്ധ സംഘടനകളുമായും സർക്കാർ അടിയന്തരമായി ചർച്ച നടത്തണമെന്നും ആലത്തൂർ എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

