'തോറ്റുപോയ പിതാവ്' എന്ന നാട്ടുകാരുടെ പരിഹാസം കേട്ടു മടുത്തു, ടെന്നിസ് താരം രാധികയെ വെടിവെച്ചുകൊന്ന പിതാവിന്‍റെ വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: ടെന്നിസ് താരം രാധിക യാദവിന്‍റെ കൊലപാതകത്തിൽ പിതാവിന്‍റെ വെളിപ്പെടുത്തൽ. ദീപക് യാദവ് തന്‍റെ മകൾ രാധിക യാദവിനെ എല്ലാ തരത്തിലും പിന്തുണച്ചിരുന്നു. രാധികക്ക് സ്പോർട്സ് അക്കാദമി ആരംഭിക്കാനായി രണ്ടുകോടി രൂപയും നൽകിയിരുന്നു.
എന്നാൽ രാധികക്ക് തോളെല്ലിന് പരിക്ക് പറ്റിയതോടെ അക്കാദമിയുടെ പ്രവർത്തനം താറുമാറിലായി. ഇതോടെ പലരും തോറ്റ പിതാവെന്ന് തന്നെ പരിഹസിച്ചിരുന്നതായി ദീപക് യാദവ് പറഞ്ഞു. കരിയറുടനീളം താനാണ് രാധികയെ പിന്തുണച്ചത്. മ്യൂസിക് വിഡിയോ ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതും സഫലീകരിച്ചതായും അതിനുവേണ്ടി 11 മണിക്കൂർ മകളോടൊപ്പം സെറ്റിൽ ചെലവഴിച്ചതായും ദീപക് മൊഴി നൽകി.
പക്ഷെ ദീപക്കിനെ സ്വഭാവത്തിന് മറ്റൊരു വശം കൂടി ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ചെറിയ കാര്യങ്ങൾക്കുപോലും ദ്വേഷ്യം പിടിക്കുന്ന സ്വഭാവക്കാരനായിരുന്നു ദീപക്. ഭാര്യ, സ്വന്തം സഹോദരനോട് സംസാരിക്കുന്നതുപോലും ഇയാൾ വിലക്കിയിരുന്നു.
ദീപക് സ്വന്തം ഗ്രാമത്തിൽ പോയപ്പോഴാണ് ചിലർ തോറ്റുപോയ പിതാവെന്ന് ഇയാളെ പരിഹസിച്ചത്. തിരിച്ചെത്തിയ ഇദ്ദേഹം അക്കാദമി പൂട്ടാൻ മകളോട് ആവശ്യപ്പെട്ടെങ്കിലും രാധിക ഇതനുസരിച്ചില്ല. മൂന്നു ദിവസത്തോളം ദ്വേഷ്യവും സങ്കടവും സഹിച്ചും മകളോടും വഴക്കിട്ടും ഇയാൾ കഴിഞ്ഞു. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചും ഇതിനിടെ ആലോചിച്ചിരുന്നു. പിന്നീടാണ് മകളെ കൊല്ലാൻ തീരുമാനിച്ചത്.
വ്യാഴാഴ്ച അടക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന രാധികയെ ഇയാൾ വെടിവെച്ചുകൊല്ലുകയായിരുന്നു. രാധിക തൽക്ഷണം മരിച്ചു.
അതേസമയം, ടെന്നീസ് താരം രാധിക യാദവ് കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രതിയായ പെൺകുട്ടിയുടെ പിതാവ് ദീപക് യാദവിനെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഗൗരവതരമായ കേസാണിതെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു.
കൊലപാതകം നടക്കുമ്പോൾ ഇവരുടെ മാതാവും വീട്ടിലുണ്ടായിരുന്നു. കൊലപാതകം നടക്കുമ്പോൾ മാതാവ് ഒന്നാംനിലയിലുണ്ടായിരുന്നുവെന്ന് അമ്മാവൻ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാവിന്റെ പങ്കും അന്വേഷിക്കുന്നത്.
വലിയ ഭൂസ്വത്തിന്റെ ഉടമയാണ് ദീപക് യാദവെന്നും ഇയാൾക്ക് ഒരു മാസം വാടകയിനത്തിൽ 17 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. രാധികയുടെ ഒരു ഇൻസ്റ്റഗ്രാം വിഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
വ്യാഴാഴ്ച രാവിലെ 11.30ഓടെ ഗുരുഗ്രാമിലെ സെക്ടർ 57നിലാണ് രാധിക യാദവ് കൊല്ലപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ രാധികയുടെ പിതാവ് ദീപക് യാദവാണ് കേസിലെ പ്രതിയെന്ന് കണ്ടെത്തിയിരുന്നു. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ ഡബിൾസ് റാങ്കിങ്ങിൽ 113ാം റാങ്കുള്ള താരമാണ് രാധിക. 2000 മാർച്ച് 23ന് ജനിച്ച രാധിക സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി ടെന്നീസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

