ന്യൂഡൽഹി: നാല് വയസുകാരിയുടെ കരച്ചിലടക്കാൻ കഴിയാത്ത ദേഷ്യത്തിൽ കുട്ടിയെ കൊലപ്പെടുത്തി പിതാവ്. വസുദേവ് ഗുപ്തയാണ് മകളെ കൊലപ്പെടുത്തിയതിന് പൊലീസ് പിടിയിലായത്. കുട്ടിയുടെ മൃതദേഹവുമായി ഓട്ടോറിക്ഷയിൽ കറങ്ങുകയായിരുന്ന വസുദേവ് നോയിഡയിലാണ് അറസ്റ്റിലായത്.
സുൽത്താൻപൂർ സ്വദേശിയായ വസുദേവ് ഗുപ്ത ഭാര്യക്കും മകൾക്കുമൊപ്പം കഴിഞ്ഞ കുറേ വർഷങ്ങളായി കോദ കോളനിയിലാണ് താമസിക്കുന്നത്. ഓട്ടോഡ്രൈവറായ ഇയാളുടെ ഭാര്യ 20 ദിവസങ്ങൾക്ക് മുമ്പ് വീട് വിട്ടു പോയിരുന്നു. ഇത് ഇയാളെ മാനസികമായി തളർത്തിയെന്നും ഇതിനിടെ നാലു വയസുകാരിയായ മകൾ നിർത്താതെ കരഞ്ഞതും പ്രകോപനത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഒരു സ്പായിലാണ് ഇയാളുടെ ഭാര്യ ജോലി ചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച കുട്ടി നിർത്താതെ കരഞ്ഞതോടെ ഇയാൾ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കുട്ടിയുടെ മൃതദേഹം ടവലിൽ പൊതിഞ്ഞ് ഭാര്യയെ അന്വേഷിച്ച് പുറപ്പെടുകയായിരുന്നു. ഇയാളുടെ സഹോദരൻ വീട്ടിലെത്തുകയും വീട് തുറന്ന് കിടക്കുന്നത് കണ്ട് ഗുപ്തിയെ ഫോണിൽ വിളിക്കുകയും ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.