ലഖ്നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ദേഹാസ്വാസ്ഥ്യം. പെൺകുട്ടിയുടെ ബന്ധുക്കൾ തിങ്കളാഴ്ച അലഹബാദ് ഹൈകോടതിയിലെ ലഖ്‌നൗ ബെഞ്ചിന് മുന്നിൽ ഹാജരായിരുന്നു. ശേഷം ബൽഗാദി ഗ്രാമത്തിലെ വീട്ടിലെത്തിയ മാതാവിന് ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളുള്ള രണ്ട് കുടുംബാംഗങ്ങളെയും ആശുപത്രിയിലേക്ക് മാറ്റി.
പിതാവിെൻറ ആരോഗ്യനില മോശമാണെന്നും എന്നാൽ ഇദ്ദേഹം ചികിത്സ തേടാൻ വവിസമ്മതിച്ചതായും ഹാഥറസ് ചീഫ് മെഡിക്കൽ ഓഫീസർ ബ്രിജേഷ് റാത്തോഡ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘത്തെ വീട്ടിലേക്ക് അയച്ചുവെന്നും എന്നാൽ പിതാവ് ആശുപത്രിയിലേക്ക് മാറാൻ താൽപര്യപ്പെട്ടില്ലെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
കുടുംബാംഗങ്ങൾ ശാരീരികവും മാനസികമായി തളർന്നിരിക്കുകയാണെന്നു അവരുടെ ബുദ്ധിമുട്ട് മനസിലാക്കി ചികിത്സ നൽകാൻ ഹാഥറസിലേക്ക് പോകുമെന്നും റാത്തോഡ് പറഞ്ഞു.
അതേസമയം, പെൺകുട്ടിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ ഉദ്യോഗസ്ഥരുടെ സംഘം ഹാഥറസിലെത്തി. പെൺകുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സ്ഥലം സംഘം പരിശോധിച്ചു. സി.ബി.ഐ ലോക്കൽ പൊലീസിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.