താനെ: മഹാരാഷ്ട്രയിൽ പതിനേഴുകാരിയെ പിതാവും കാമുകനും ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടി ഗർഭിണിയായതോടെ ഭ്രൂണഹത്യ നടത്തുകയും ഭ്രൂണം റോഡരികിൽ ഉപേഷിക്കുകയും ചെയ്തു. സംഭവത്തിൽ സ്കൂൾ അധ്യാപകൻ കൂടിയായ 51കാരനായ പിതാവും 21 കാരനായ കാമുകനും അറസ്റ്റിലായി.
മൂന്ന് ദിവസം മുമ്പ് താനെയിലെ വസിന്ദ് ടൗണിൽ റോഡരികിൽ ഉപേക്ഷിച്ച ഭ്രൂണം പൊലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഇരയുടേതാണെന്ന് വ്യക്തമായതെന്ന് അസിസ്റ്റൻറ് പൊലീസ് ഇൻസ്പെക്ടർ യോഗേഷ് ഗൗരവ് പറഞ്ഞു.പിതാവും കാമുകനും നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി െമാഴി നൽകി.
പെൺകുട്ടിയും കുടുംബവും നേരത്തെ നവി മുംബൈയിലെ പൻവേലിലാണ് താമസിച്ചിരുന്നത്. അയൽക്കാരനായിരുന്ന 21കാരനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങൾ ഈ ബന്ധത്തെ എതിർക്കുകയും അവർ വസിന്ദിലേക്ക് മാറുകയും ചെയ്തു. എന്നാൽ അതിനുശേഷവും പെൺകുട്ടിയും യുവാവും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 (ബലാത്സംഗം), പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണത്തിെൻറ ഭാഗമായി പ്രതികളെ ഡി.എൻ.എ പരിശോധനക്ക് വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചു.