മട്ടൻ വേണമെന്ന് വാശിപിടിച്ചു; പുണെയിൽ യുവാവിനെ പിതാവ് മർദിച്ചുകൊലപ്പെടുത്തി
text_fieldsപുണെ: പൂജ നടക്കുന്ന ശ്രാവണമാസത്തിൽ മട്ടൻ കഴിക്കണമെന്ന് വാശിപിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മകനെ പിതാവ് മർദിച്ചുകൊലപ്പെടുത്തി. കൊലപാതകവിവരം മറച്ചുവെക്കാനും തെളിവുകൾ നശിപ്പിക്കാനും കൂട്ടുനിന്ന മാതാവടക്കം ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയായ മഹേഷ് ഗെയ്ക്‌വാദ് (30) ആണ് കൊല്ലപ്പെട്ടത്.
ശ്രാവണ മാസത്തിലെ പ്രത്യേക പൂജകളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്നതിനാൽ കുടുംബം പൂർണമായും മാംസാഹാരം ഒഴിവാക്കിയിരുന്നു. എന്നാൽ, സംഭവദിവസം മഹേഷ് വീട്ടിൽ മട്ടൻ പാചകം ചെയ്യണമെന്ന് നിർബന്ധം പിടിച്ചു. ഇതിനെച്ചൊല്ലി പിതാവും മകനും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാകുകയും പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു. ഇതിനിടെ പ്രകോപിതനായ പിതാവ് മഹേഷിനെ അതിക്രൂരമായി മർദിച്ചു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
മകന്റെ മരണം ഉറപ്പായിട്ടും പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ വിവരമറിയിക്കാൻ മാതാപിതാക്കൾ തയാറായില്ല. ഭർത്താവിനെ നിയമക്കുരുക്കിൽനിന്ന് രക്ഷിക്കുന്നതിനായി കൃത്യം നടന്ന സ്ഥലത്തെ തെളിവുകൾ മാതാവിന്റെ നേതൃത്വത്തിൽ നശിപ്പിക്കുകയായിരുന്നു. സ്വാഭാവിക മരണമെന്ന രീതിയിൽ വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ, വിവരമറിഞ്ഞെത്തിയ പൊലീസിന് മൃതദേഹത്തിലെ പരിക്കുകളും ചുറ്റുപാടുകളും വിലയിരുത്തിയതോടെ സംശയം തോന്നി.
തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം, കുറ്റവാളിയെ സംരക്ഷിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പുണെ പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

