ദീപാവലി ബോണസ് കുറഞ്ഞു; ടോൾ ഗേറ്റ് തുറന്നുവിട്ട് തൊഴിലാളികളുടെ പ്രതിഷേധം, കടന്നുപോയത് 5,000 ത്തിലധികം വാഹനങ്ങൾ
text_fieldsലഖ്‌നോ : ദീപാവലി ബോണസ് കുറവായതിന്റെ പേരിൽ വേറിട്ടതും കമ്പനിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതുമായ പ്രതിഷേധവുമായി ടോൾ പ്ലാസയിലെ തൊഴിലാളികൾ. ശനിയാഴ്‌ച അർധരാത്രി 12 മുതൽ ഞായറാഴ്‌ച രാവിലെ 10 വരെ സൗജന്യമായി വാഹനങ്ങള്‍ കടത്തിവിട്ടായിരുന്നു ഫത്തേഹാബാദ് ടോൾ പ്ലാസ തൊഴിലാളികളുടെ പ്രതിഷേധം.
ഈ സമയത്ത് ആഗ്ര-ലഖ്‌നൊ എക്‌സ്‌പ്രസ്‌വേയിലൂടെ 5,000 ത്തോളം വാഹനങ്ങൾ ടോൾ അടക്കാതെ കടന്നുപോയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഓരോ തൊഴിലാളിക്കും 5,000 രൂപ വീതം ദീപാവലി ബോണസ് ലഭിച്ചിരുന്നു. വരുമാനം കുത്തനെ ഉയർന്നിട്ടും 1,100 രൂപ ബോണസ് മാത്രമാണ് നൽകിയതെന്ന് തൊഴിലാളികൾ പറയുന്നു. ടോൾ പ്ലാസയിലെ 21 ജീവനക്കാരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.
ആഗ്ര-ലഖ്‌നൊ എക്‌സ്‌പ്രസ്‌വേയിലെ ടോൾ പ്ലാസ സ്വകാര്യ കമ്പനിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫത്തേഹാബാദ് എ.സി.പി അമർദീപ് ലാൽ പറഞ്ഞു. 2025 മാർച്ച് മുതൽ ഈ കമ്പനിക്കാണ് ടോൾ പ്ലാസയുടെ കരാർ നൽകിയിരിക്കുന്നത്.
പ്രതിഷേധത്തിനിടെ ഞായറാഴ്‌ച രാവിലെ 10 മണിയോടെ കമ്പനിയും ജീവനക്കാരും തമ്മിൽ വീണ്ടും ചർച്ച നടന്നു. അടിയന്തര പരിഹാരമായി 10 ശതമാനം ശമ്പള വർധനവ് വാഗ്‌ദാനം ചെയ്‌തു. ഈ ഉറപ്പിനെ തുടർന്നാണ് മണിക്കൂറുകള്‍ സമരത്തിന് വിരാമമായത്.
പ്രൊജക്ട് മാനേജറുടെ പ്രതികരണം: ബോണസ് ആവശ്യപ്പെട്ട് ജീവനക്കാർ പ്രതിഷേധം നടത്തിയതായി കമ്പനിയുടെ പ്രൊജക്ട് മാനേജർ കൃഷ്‌ണ ജുറൈൽ സ്ഥിരീകരിച്ചു. ശനിയാഴ്‌ച രാത്രി മുതൽ ഞായറാഴ്‌ച രാവിലെ വരെ ലഖ്‌നൊവിൽ നിന്ന് ആഗ്രയിലേക്ക് വരുന്ന വാഹനങ്ങളിൽ നിന്നുള്ള ടോൾ പിരിവ് നടത്താൻ കഴിഞ്ഞില്ല. ആഗ്ര-ലഖ്‌നൊ എക്‌സ്‌പ്രസ്‌വേയിൽ ഒരു കാറിൻ്റെ വൺ-വേ ടോൾ 665രൂപയാണ്. ഏകദേശം 5,000 വാഹനങ്ങൾ ടോൾ അടയ്ക്കാതെ കടന്നുപോയി. ബൂം ബാരിയറുകൾ തുറന്നിരുന്നതിനാൽ വാഹനങ്ങൾക്ക് ഉയർന്ന വേഗതയിൽ കടന്നുപോകാൻ കഴിയും. ഇതുമൂലം ഫാസ്റ്റ് ടാഗുകൾ സ്‌കാൻ ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

