ന്യൂഡൽഹി: ദലിത് പ്രക്ഷോഭത്തിന് ബി.ജെ.പിയേയും ആർ.എസ്.എസിനേയും വിമർശിച്ച് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി. പുണെയിൽ ദലിത് റാലിക്ക് നേരെയുണ്ടായ ആക്രമണം ആർ.എസ്.എസിന്‍റെ ഫാസിസ്റ്റ് മുഖമാണ് വെളിപ്പെടുത്തുന്നതെന്നും രാഹുൽ പറഞ്ഞു. ഈ ഫാസിസ്റ്റ് ആശയസംഹിതയാണ് അടിച്ചമർത്തപ്പെടുന്നവർക്ക് നേരെയുള്ള അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദലിതുകൾ എന്നും സമൂഹത്തിന്‍റെ അടിത്തട്ടിൽ തന്നെ കഴിയേണ്ടവരാണ് എന്നാണ് ഫാസിസ്റ്റുകൾ ചിന്തിക്കുന്നത്. ഉനയിലെ പ്രക്ഷോഭവും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പ്രക്ഷോഭവും പുണെയിലെ ഭീമ-കൊറഗൺ ഗ്രാമത്തിലെ സംഭവവും ബി.ജെ.പിയുടെ ഫാസിസത്തിന് ഉദാഹരണങ്ങളാണെന്നും രാഹുൽ ഗാന്ധി ട്വീറ്ററിൽ പറഞ്ഞു.
ബഹുജൻ സമാജ്വാദ് പാർട്ടി നേതാവ് മായാവതി, സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും സംഭവത്തിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തി.