ശ്രീനഗർ: നേതാക്കൾ തുടരുന്ന വർഗീയ രാഷ്ട്രീയക്കളിയിൽ ബി.ജെ.പിയും ആർ.എസ്.എസും തകരുമെന്ന് ജമ്മു- കശ്മീർ നാഷനൽ കോൺഫറൻസ് (ജെ.കെ.എൻ.സി) അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല.
പാർട്ടി സ്ഥാപകൻ ശൈഖ് അബ്ദുല്ലയുടെ 38ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലികളർപ്പിച്ച് നടത്തിയ പരിപാടിയിലായിരുന്നു രൂക്ഷ വിമർശനം. ''നാഷനൽ കോൺഫറൻസ് ഒരിക്കലും മതത്തിെൻറ പേരിൽ രാഷ്ട്രീയം കളിച്ചിട്ടില്ല. പാർട്ടിയിൽ എല്ലാവരും അംഗത്വമുള്ളതിനാലാണ് സ്ഥാപകനായ ശൈഖ് അബ്ദുല്ല മുസ്ലിം കോൺഫറൻസ് എന്ന പേര് നാഷനൽ കോൺഫറൻസ് എന്നുമാറ്റിയത്'' -അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ഫാറൂഖ് അബ്ദുല്ലക്കെതിരെ വിമർശനമുന്നയിച്ചിരുന്നു.
'ഗുപ്കർ' നേതാക്കൾ (ഫാറൂഖ് അബ്ദുല്ലയുെട വീട് ശ്രീനഗറിലെ ഗുപ്കറിലാണ്) ഒരിക്കൽകൂടി അപകടകരമായ കളിയുമായി മുന്നോട്ടുപോകുകയാണെന്നും ഇപ്പോൾ ഇസ്ലാമിെൻറ പേരിലാണ് കളിയെന്നും രാം മാധവ് കുറ്റപ്പെടുത്തിയിരുന്നു..