ഒരുനേരം ഭക്ഷണം ഒഴിവാക്കി ഞങ്ങൾക്കൊപ്പം ചേരൂ -സമരത്തിന് പിന്തുണ തേടി കർഷകർ
text_fieldsന്യൂഡൽഹി: കർഷക സമരം 25ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കൂടുതൽ കർഷകർ ഡൽഹിയിലേക്ക്. അതിനിടെ ഞായറാഴ്ച 24 മണിക്കൂർ നിരാഹാര സമരവും കർഷകർ പ്രഖ്യാപിച്ചു. കർഷക ദിനമായ ഡിസംബർ 23 'കിസാൻ ദിവസി'ൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുനേരത്തേ ഭക്ഷണം ഒഴിവാക്കാനും അവർ ജനങ്ങളോട് ആവശ്യപ്പെട്ടു. നാളെയാണ് നിരാഹാര സമരം ആരംഭിക്കുന്നത്.
മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നും ഉത്തർപ്രദേശിലെ മീറത്തിൽ നിന്നുമുള്ള കർഷകരാണ് സമരത്തിൽ പെങ്കടുക്കാൻ ഡൽഹിക്ക് പുറപ്പെട്ടത്. ഗാസിപൂർ അതിർത്തിയിലെ സമരത്തിൽ ചേരാൻ മീറത്തിൽ നിന്നുള്ള കർഷകർ ട്രാക്ടർ മാർച്ചായാണ് പുറപ്പെട്ടത്.
'11 ഗ്രൂപ്പുകളായി നിരാഹാര സമരം നടത്തുന്നത്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ള യൂണിയനുകളും അവരുടെ ശക്തിക്കനുസരിച്ച് സഹകരിക്കണം' -സിംഘു അതിർത്തിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കവെ സ്വരാജ് ഇന്ത്യ പ്രസിഡന്‍റ് യോഗേന്ദ്ര യാദവ് പറഞ്ഞു.
'എല്ലാ കേന്ദ്രത്തിലുമുള്ള കർഷകർ 24 മണിക്കൂർ റിലേ നിരാഹാര സമരം നടത്തും. രാജ്യത്തുടനീളം പ്രതിഷേധിക്കുന്ന കർഷകരോട് പങ്കെടുക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇവിടെ 11 പേരുടെ സംഘം തിരിഞ്ഞാണ് സമരത്തിൽ അണിചേരുക. പ്രക്ഷോഭ പന്തലുകളിൽ അവരുടെ ശക്തിക്കനുസരിച്ച് സമരം നടത്തണെ,' -യാദവ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്‍റെ ജന്മവാർഷികമായ കിസാൻ ദിവാസിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റ് അഭ്യർത്ഥിച്ചു. 'ഞങ്ങൾ ബി.ജെ.പിയുമായും അവരുടെ സഖ്യകക്ഷികളുമായും ബന്ധപ്പെടുകയും കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും. അതനുസരിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുത്തവരെയും പിന്തുണയ്ക്കുന്നവരെയും ലക്ഷ്യമിട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളെയും അദ്ദേഹം ചോദ്യം ചെയ്തു. ഡിസംബർ 25 മുതൽ ഡിസംബർ 27 വരെ ഹരിയാന ടോൾ പ്ലാസ സൗജന്യമാക്കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം കർഷകരുടെ പ്രതിനിധി സംഘമെന്ന് പറയുന്നവരുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഞായറാഴ്ചയും ഡൽഹി കൃഷിഭവനിൽ കൂടിക്കാഴ്ച നടത്തി. ചില്ല അതിർത്തിയിൽ ഞായറാഴ്ച കുറെകൂടി കർഷകർ യു.പിയിൽ നിന്ന് വന്ന് ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

