ഗർഭിണിയായ ആനയെ തോട്ടമുടമകൾ വെടിവെച്ചുകൊന്നു
text_fieldsബംഗളൂരു: കുടകിലെ കുശാൽ നഗറിൽ ഗർഭിണിയായ ആനയെ തോട്ടമുടമകൾ വെടിവെച്ചുകൊന്നു. 20 നോടടുത്ത് പ്രായമുള്ള കാട്ടാനയാണ് കൊല്ലപ്പെട്ടത്. പിടിയാന പൂർണ ഗർഭിണിയായിരുന്നെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. തോട്ടമുടമ റസൽപുര സ്വദേശി കെ. ജഗദീഷ്, ഡിംപ്ൾ എന്നിവർ ഒളിവിലാണ്.
കുശാൽനഗർ വനം ഡിവിഷൻ അധികൃതർ അറിയിച്ചതനുസരിച്ച് അസി. ഫോറസ്റ്റ് കൺസർവേറ്റർ ഗോപാൽ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ശിവറാം തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.ആനയുടെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റതായി കണ്ടെത്തി.
വലതുവശത്തെ ചെവിതുളച്ച് തലച്ചോറിലേക്ക് കയറിയ വെടിയുണ്ടയാകാം മരണത്തിന് കാരണമായതെന്നാണ് നിഗമനം.ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ ജഗദീഷിന്റെ വീട്ടിലും ഡിംപ്ളിന്റെ വീട്ടിലും ഒഴിഞ്ഞ തിരക്കൂട് കണ്ടെത്തിയിട്ടുണ്ട്.
ഇരുവരും അടുത്തടുത്ത തോട്ടങ്ങളുടെ ഉടമകളാണ്. കഴിഞ്ഞദിവസം രാത്രി കാട്ടാന തോട്ടത്തിലേക്കിറങ്ങിയപ്പോൾ ഉടമകൾ വെടിവെച്ചതാകാമെന്നാണ് നിഗമനം. പോസ്റ്റ് മോർട്ടം നടത്തി തള്ളയാനയെയും കുഞ്ഞിനെയും പ്രത്യേകം സംസ്കരിച്ചു. തോട്ടമുടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

