താങ്ങുവില നിശ്ചയിക്കാൻ കമ്മിറ്റി, പാനൽ തൃപ്തികരമല്ലെന്ന് സംയുക്ത കിസാൻ മോർച്ച
text_fieldsന്യൂഡൽഹി: താങ്ങുവില നിശ്ചയിക്കാൻ രൂപവത്കരിച്ച കമ്മിറ്റി തൃപ്തികരമല്ലെന്ന് സംയുക്ത കിസാൻ മോർച്ച. കേന്ദ്രം ഭേദഗതി വരുത്തിയ കൃഷി നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ രൂപവത്കരിക്കാമെന്ന് പറഞ്ഞിരുന്ന കമ്മിറ്റിയാണിത്. പാനലിലേക്ക് തിരഞ്ഞെടുത്ത അംഗങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് കിസാൻ മോർച്ച പറഞ്ഞു. റദ്ദാക്കിയ കാർഷിക നിയമങ്ങളെ അനുകൂലിച്ചവരാണ് പാനലിലെ അംഗങ്ങളെന്നും കർഷക നേതാക്കൾ എന്ന പൊള്ളയായ പേര് മാത്രമാണ് ഇവർക്കുള്ളതെന്നും കിസാൻ മോർച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
കർഷക വ്യാപാര വാണിജ്യ നിയമം, കർഷക ശാക്തീകരണ നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവയായിരുന്നു കേന്ദ്രം കൊണ്ടുവന്ന വിവാദമായ മൂന്ന് കൃഷി നിയമങ്ങൾ. ഇതിനെതിരെ കർഷകർ വ്യാപക പ്രതിഷേധങ്ങൾ നടത്തിയതിനെ തുടർന്ന് ഒരു വർഷത്തിന് ശേഷം നിയമങ്ങൾ പിൻവലിച്ചു. മിനിമം താങ്ങുവില നിശ്ചയിക്കാൻ ഉടൻ തന്നെ കമ്മിറ്റി രൂപവത്കരിക്കുമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും എട്ട് മാസങ്ങൾക്ക് ശേഷമാണ് കമ്മിറ്റി നിലവിൽ വന്നത്.
മുൻ കാർഷിക സെക്രട്ടറി സഞ്ജയ് അഗർവാളാണ് കമ്മിറ്റിയുടെ ചെയർമാൻ. നീതി ആയോഗ് അംഗങ്ങളായ രമേശ് ചന്ദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റിലെ കാർഷിക സാമ്പത്തിക വിദഗ്ധരായ സി.എസ്.സി ശേഖർ, അഹമ്മദാബാദ് ഐ.ഐ.എമ്മിലെ സുഖ്‌പാൽ സിംഗ്, കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്‌സ് ആൻഡ് പ്രൈസ് മുതിർന്ന അംഗം നവീൻ പി സിംഗ് എന്നിവരും ഉൾപ്പെടും. സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് മൂന്ന് അംഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

