കർഷക പ്രക്ഷോഭം; ഡൽഹിയിൽ കണ്ടത് അണപൊട്ടിയൊഴുകിയ പ്രതിഷേധം
text_fieldsസിംഘുവിൽനിന്ന് തുടങ്ങി ചെേങ്കാട്ടയിൽ അവസാനിച്ച കിസാൻ പരേഡിനൊപ്പം സഞ്ചരിച്ച 'മാധ്യമം' ലേഖകൻ ഹസനുൽ ബന്ന കണ്ടത്
റിപബ്ലിക് ദിന പരേഡ് നടക്കുന്ന ദിനം കർഷകർ ട്രാക്ടർ പരേഡും നിശ്ചയിച്ചിരുന്നതിനാൽ പതിവിലിരട്ടിയായിരുന്നു ചൊവ്വാഴ്ചത്തെ സുരക്ഷാ സന്നാഹങ്ങളും ഗതാഗത നിയന്ത്രണവും. ജഹാംഗീർപുരി മെട്രോ സ്റ്റേഷനിലിറങ്ങി സിംഘു റോഡിലേക്ക് നീങ്ങിയ വാഹനം 50 മീറ്റർ പിന്നിട്ടില്ല. കൂറ്റൻ കണ്ടെയ്നർ റോഡിന് കുറുകെയിട്ട് ഗതാഗതം തടഞ്ഞിരിക്കുന്നു. സിംഘുവിലേക്ക് പിന്നീടുള്ള യാത്ര ഉൗടുവഴികളിലൂടെയായിരുന്നു. സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിലൂടെ മുകർബ ചൗകിൽ ചെന്നപ്പോൾ ജി.ടി കർണാൽ റോഡ് ഇരുമ്പ്, കോൺക്രീറ്റ് ബാരിക്കേഡുകൾ കൊണ്ടടച്ച് അടച്ച് അതിന് പിറകിൽ മണ്ണ് നിറച്ച ട്രക്കുകളും ക്രെയിനുകളും ജല പീരങ്കികളും നിരത്തിയിരിക്കുന്നു. നേരത്തെ കിസാൻ പരേഡ് പ്രഖ്യാപിച്ച ഡൽഹി ഒൗട്ടർ റിങ് റോഡിലേക്ക് കർഷക സമരക്കാർ കടക്കാതിരിക്കാൻ അതിന് മുന്നിലായി അണിനിരന്നിരിക്കുന്ന പൊലീസും ദ്രുതകർമ സേനയും ആയിരത്തിലേറെ വരുമെന്ന് പറഞ്ഞത് മലയാളിയായ ട്രാഫിക് പൊലീസുകാരനാണ്. റിപ്പബ്ലിക് പരേഡിന് ചെയ്തതുപോലെ കിസാൻ പരേഡിെൻറ റൂട്ട് കാണിക്കുന്നതിനുള്ള സൈൻബോർഡുകൾ ഡൽഹി പൊലീസ് തന്നെ സ്ഥാപിച്ചിരിക്കുന്നു.
ഏഴര മണിക്ക് തുടങ്ങി സിംഘുവിലെ പരേഡ്
അവിടെനിന്നും സിംഘുവിൽ എത്തുേമ്പാഴേക്കും പഞ്ചാബി കർഷക നേതാവ് സത്നാം സിങ് പന്നുവിെൻറ ഭാരതീയ കിസാൻ മസ്ദൂർ സംഘർഷ് സമിതി ട്രാക്ടർ റാലി തുടങ്ങിക്കഴിഞ്ഞിരുന്നു. ഡൽഹി പൊലീസുമായി ചേർന്ന് പുതിയ റൂട്ട് നിശ്ചയിച്ച സംയുക്ത സമരസമിതിയുടെ തീരുമാനം അംഗീകരിക്കാതെ ഒൗട്ടർ റിങ്റോഡിൽ തന്നെ പരേഡ് നടത്തുമെന്ന് പ്രഖ്യാപിച്ച ഭാരതീയ കിസാൻ മസ്ദൂർ സംഘർഷ് സമിതി ഏഴര മണിക്ക് തന്നെ റാലി തുടങ്ങിയതോടെ 40 യൂനിയനുകളുടെ മുഖ്യപരിപാടി നിഷ്പ്രഭമായി. രാവിലെ 10 മണിക്ക് നടത്താൻ നിശ്ചയിച്ച സംയുക്ത സമരസമിതിയുടെ പരേഡിന് കാത്തുനിൽക്കാതെ പല കൊടികൾ പിടിച്ചവരും അവരുടെ ട്രാക്ടറുകളും സത്നാം സിങ്ങിെൻറ റാലിയിൽ അണിനിരന്നു.
മുകർബ ചൗക്കിൽ തടഞ്ഞ അണപൊട്ടി ഒഴുകിയ വരവ്
സമരം തീർപ്പാക്കാതെ രണ്ടു മാസമായി ഡൽഹി അതിർത്തിയിലിരുത്തിയതിെൻറ രോഷം അണപൊട്ടിയൊഴുകുന്നതാണ് പിന്നീട് കണ്ടത്. കൈകളിൽ വടികളും കൊടികളും ഏന്തി തിരമാലപോെല ആർത്തലച്ചു വന്ന സംഘം രാവിലെ ഒമ്പതരയോടെ മുകർബ ചൗക്കിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. പുതിയ റൂട്ടിലൂടെ റാലി മുന്നോട്ടുനീങ്ങണമെന്ന് പൊലീസ് വാഹനത്തിൽനിന്നും സംയുക്ത സമരസമിതിയുടെ വാഹനത്തിൽനിന്നും അറിയിപ്പുണ്ടായി. ബാരിക്കേഡുകളും തടസ്സങ്ങളും എടുത്തു മാറ്റി റിങ്റോഡിൽ തന്നെ പരേഡ് നടത്താൻ വഴിതുറന്നു തരണമെന്ന് സുഖ്വീന്ദർ സിങ് അടക്കമുള്ള യൂനിയൻ നേതാക്കൾ മുന്നിലേക്ക് ചെന്ന് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞ് പൊലീസ്നേതാക്കളെ മടക്കി. ബാരിക്കേഡ് എടുത്തുമാറ്റാനുള്ള ചർച്ച വീണ്ടും തുടങ്ങിയ നേതാക്കൾ അര മണിക്കൂർ പൊലീസിന് നൽകി. ഒന്നുകിൽ നിങ്ങളെടുത്തുമാറ്റണം, അല്ലെങ്കിൽ ഞങ്ങൾ എടുത്തുമാറ്റിക്കോളാമെന്ന് നേതാക്കൾ പറഞ്ഞെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ വഴങ്ങിയില്ല.
ആദ്യ കൊടി
വടിയേന്തിയ ചെറുപ്പക്കാർ പരേഡിെൻറ മുൻനിരയിൽ പൊലീസിന് മുഖാമുഖം നിന്നു. മറ്റുള്ളവർ റോഡിൽ കുത്തിയിരുന്നു. പഞ്ചാബിൽനിന്നെത്തിയ ഡോക്ടർമാർ അവർക്ക് പിന്നിലും. അനുമതി നൽകില്ലെന്ന് മുകളിൽ നിന്നും മറുപടി നൽകിയതോടെ പൊലീസിനെയും ഇരുമ്പ് ബാരിക്കേഡുകളെയും വകഞ്ഞുമാറ്റി 150ാളം ചെറുപ്പക്കാർ കോൺക്രീറ്റ് ബാരിക്കേഡുകളിലേക്ക് ചാടിക്കയറി. അവരെ വലിച്ചിടാൻ പൊലീസ് നോക്കിയപ്പോൾ ബാരിക്കേഡുകൾ വടികളേന്തിയ കർഷകരെ കൊണ്ടു നിറഞ്ഞു. തടയാൻ വന്നവെരയെല്ലാം അടിച്ചോടിച്ച കർഷകർ ഇരുമ്പു ബാരിക്കേഡുകൾ കൈകൊണ്ട് പൊക്കി എടുത്ത് പൊലീസിനെ തള്ളി വഴിയൊരുക്കി തുടങ്ങി. ജലപീരങ്കിക്ക് മുകളിൽ ചാടിക്കയറി വെള്ളം ഒഴിച്ചുവിടാൻ തുനിഞ്ഞ നിഹാങ്കിനെ മറ്റുള്ളവർ ചേർന്നിറക്കി. കോൺക്രീറ്റ് ബാരിക്കേഡുകൾ ചാടിക്കടന്ന് പൊലീസ് കൊണ്ടുവന്ന ക്രെയിനുകൾ നിയന്ത്രണത്തിലാക്കി അവയത്രയും തൂക്കിയെടുത്ത് നീക്കുേമ്പാൾ ''ബാരിക്കേഡ് തകർത്തു.. മാറിക്കോളൂ'' എന്നും പറഞ്ഞ് െപാലീസുകാർ പിറകോേട്ടാടി. ബാരിക്കേഡുകൾക്കിപ്പുറം ഒരുക്കിയ പൊലീസ് ക്യാമ്പിലേക്കും അടുക്കളയിലേക്കും കയറിയ കർഷകർ അവിടെ നിന്നും പൊലീസുകാരെ വീണ്ടും ഒാടിച്ചു. പൊലീസ് ക്യാമ്പിന് മുകളിൽ കയറി സിഖുകാരുടെ നിഷാൻ സാഹെബ് പതാകയുയർത്തി. സമരക്കാർ ആദ്യ കൊടി നാട്ടുന്നത് അവിടെയാണ്.
ഏൽക്കാതെ പോയ ലാത്തിയും കണ്ണീർ വാതകവും
കർഷകരെ ഭയന്ന് റോഡിനോരത്തേക്ക് മാറിയ പൊലീസുകാരിൽ ചിലരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിസിലടിച്ച് പിറകോട്ട് കൊണ്ടുവന്നു വീണ്ടും കർഷകരെ തടയാൻ നോക്കി. പൊലീസുകാർ വന്ന ബസുകളും തങ്ങളെ തടയാൻ നിരത്തിയ ലോറികളും തകർത്ത് സമരക്കാർ മുന്നോട്ടു നീങ്ങി. പൊലീസിനു നേരെ ചീറിയടുക്കുന്ന കുതിരകളുടെ പുറത്തുനിന്ന് നിഹാങ്കുകൾ വാളുകൾ വീശി. ലാത്തിച്ചാർജ്ജിന് ഉത്തരവിട്ടത് കേട്ട കർഷകർ പൊലീസിന് നേരെ വടിയുമായി ചെന്ന് തിരിച്ചടി തുടങ്ങി. പിറകിൽനിന്ന് പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ തുരുതുരാ എറിഞ്ഞു തുടങ്ങി. തലങ്ങും വിലങ്ങും ഷെല്ലുകൾ വീഴാൻ തുടങ്ങിയേതാടെ ദേഹത്ത് പതിക്കാതിരിക്കാൻ പൊലീസുകാർ ചിതറി ഒാടി. രണ്ട് ഡസനെങ്കിലും ഷെല്ലുകൾ പൊട്ടി പുക നിറഞ്ഞിട്ടും കർഷകർ പിന്മാറിയതുമില്ല. പിടിെച്ചടുത്ത െക്രയിനും ട്രാക്ടറും അതിവേഗത്തിലോടിച്ച് പൊലീസുകാരെ റോഡിൽനിന്ന് പൂർണമായും മാറ്റി പരേഡ് മുന്നോട്ടുപോയി.
റിങ്റോഡിൽനിന്ന് ചെേങ്കാട്ടയിലേക്ക്
റിങ്റോഡിലേക്ക് കടന്ന ട്രാക്ടറുകളിലൊന്നിൽ കയറി എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോഴും അമൃത്സറുകാരനായ സത്പാൽ റിങ്റോഡ് ചുറ്റുമെന്നാണ് ആദ്യം പറഞ്ഞത്. 24 മണിക്കൂർ നേരത്തേക്കുള്ള ഭക്ഷണവും വെള്ളവുമാണ് കരുതാൻ പറഞ്ഞെതങ്കിലും റിങ്റോഡിൽ എവിടെ തടയുമെന്ന് പറയാനാവാത്തതിനാൽ നാല് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും കരുതിയാണ് ഇൗ വരവെന്ന് സത്പാൽ പറഞ്ഞു.
റിങ്റോഡിലെത്തുേമ്പാൾ റോഡിനിരുവശത്തും കിസാൻ പരേഡിനെ വെള്ളവും ജ്യൂസും പഴവർഗങ്ങളുമായി ഡൽഹിയിലേക്ക് വരേവൽക്കുകയാണ് ജനങ്ങൾ. സ്വന്തം വാഹനങ്ങളിൽ കുടുംബസമേതം വന്ന് റോഡിനോരത്ത് നിർത്തി സമരക്കാരെ ആദരവോടെ പരിചരിക്കുകയാണ് പഞ്ചാബി കുടുംബങ്ങൾ. വഴിയിൽ ഇടക്കിടെ കർഷകർ എടുത്തുമാറ്റിയ ബാരിക്കേഡുകൾ കുന്നുകൂടി കിടക്കുന്നു. ജനങ്ങളുടെ വരവേൽപ് ഏറ്റുവാങ്ങി റിങ്റോഡിലൂടെ യാത്രതുടരുന്നതിനിടയിൽ 'ചെേങ്കാട്ടയിലെത്തി' എന്ന് വിളിച്ചു പറഞ്ഞ് വാട്സ്ആപിൽ വന്ന സന്ദേശം ബോണറ്റിലിരിക്കുന്ന സഹോദരൻ അമൃത്പാൽ കാണിച്ചുകൊടുത്തതോടെ പോക്ക് ചെേങ്കാട്ടയിേലക്കുതന്നെ എന്നായി സത്പാൽ.
ചെേങ്കാട്ടയിലെത്തുേമ്പാൾ അടച്ച് ഭദ്രമാക്കിയ ചുറ്റു ഭാഗങ്ങളിലെ ഗേറ്റുകളെല്ലാം തള്ളി തുറന്നിട്ട നിലയിലാണ്. ഏറ്റുമുട്ടലിൽ പരിക്കേറ്റ പൊലീസുകാരെയും കർഷകരെയും എൽ.എൻ.ജെ.പി ആശുപത്രിയുടെ ട്രോമാ കെയറിലേക്ക് എടുത്തുമാറ്റി കഴിഞ്ഞിരുന്നു.
ആയിരക്കണക്കിന് സമരക്കാർ ചെേങ്കാട്ടയിൽ കയറി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി ആഗസ്റ്റ് 15ന് പതാക ഉയർത്തുന്ന കൊടിമരത്തിൽ നിഷാൻ സാഹെബ് പാറിക്കളിക്കുന്നു. സമരക്കാർ ചെേങ്കാട്ടക്ക് മുകളിൽ നിരന്നുനിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്നു. സിംഘുവിൽനിന്ന് വന്ന ട്രാക്ടറുകൾ മുൻ ഭാഗത്തെ ഗേറ്റ് വഴി ചെേങ്കാട്ടയുടെ മുറ്റത്തേക്കോടിച്ചു കയറ്റുന്നുണ്ട്. സമരക്കാരെ തടയാൻ പൊലീസ് കൊണ്ടിട്ട ലോറിയുമെടുത്ത് വന്നിരിക്കുന്നു ചിലർ.
ചെേങ്കാട്ടയിൽ സമാപിച്ച റിപബ്ലിക് പരേഡിൽ അണിനിരത്തിയ പ്ലോട്ടുകളിൽ കയറിനിന്ന് ഫോേട്ടാകൾക്ക് പോസ് ചെയ്യുകയാണ് മറ്റു ചിലർ. സുരക്ഷക്ക് നിർത്തിയ പൊലീസുകാർ ഇതെല്ലാം കണ്ട് ടിക്കറ്റ് കൗണ്ടറിെൻറ പടിഞ്ഞാറു ഭാഗത്തെ പുൽതകിടിയിൽ നിസ്സഹായരായി ഇരിക്കുന്നു. ഗാസിപുരിൽനിന്നും സിംഘുവിൽ നിന്നുമുള്ള ട്രാക്ടറുകളുടെ വരവ് മൂന്നുമണിവരെ തുടർന്നു.
വൈകീട്ട് മൂന്നര മണിക്ക് ദരിയാഗഞ്ചിലൂടെ ഡൽഹി ഗേറ്റ് വഴി െഎ.ടി.ഒയിലെത്തുേമ്പാഴും ചെേങ്കാട്ടയിലേക്ക് വരുന്ന ട്രാക്ടർ റാലിയെ ഭക്ഷണപാനീയങ്ങൾ നൽകി ജനം സ്വീകരിച്ചാനയിക്കുകയാണ്. വെടിയേറ്റുമരിച്ച കർഷകെൻറ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് അപ്പോഴും സമരക്കാർ. തിരികെ ചെേങ്കാട്ടയിൽ വരുേമ്പാൾ കോട്ടക്ക് മുകളിൽ പൊലീസ് കയറിയെങ്കിലും കർഷകരുടെ ആഘോഷം കഴിഞ്ഞിട്ടില്ല.
നേരമിരുട്ടിത്തുടങ്ങിയതോടെ സ്വന്തമിഷ്ട പ്രകാരം തന്നെ അവർ അതിർത്തികളിലേക്ക് മടങ്ങിത്തുടങ്ങിയിരിക്കുന്നു. രാത്രി എട്ടുമണിയോടെ ലൈറ്റുകളണച്ച ശേഷവും സമരക്കാർ നാട്ടിയ നിഷാൻ സാഹെബ് അഴിച്ചുമാറ്റിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

