കർഷക സമരം: സമിതിയെ ന്യായീകരിച്ച് സുപ്രീംകോടതി
text_fieldsന്യൂഡല്ഹി: കർഷക സമരത്തിൽ കേന്ദ്ര സർക്കാറിെനാപ്പം നിൽക്കുന്ന വിദഗ്ധ സമിതിയെ ന്യായീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. തങ്ങൾ നിയോഗിച്ച സമർഥരായ സമിതി അംഗങ്ങളെ അപമാനിക്കുന്നതെന്തിനാണെന്ന് കർഷകരോട് ചോദ്യവുമുന്നയിച്ചു. വിദഗ്ധ സമിതിക്കെതിരെ കർഷകരും പ്രതിപക്ഷവുമെല്ലാം വിമർശനവുമായി എത്തിയതിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അസംതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാറിെൻറ കാർഷികനയങ്ങളെ പരസ്യമായി പിന്തുണക്കുന്നവരെ വിദഗ്ധ സമിതിയിൽനിന്ന് മാറ്റണമെന്ന ഹരജിയിലാണ് ചീഫ് ജസ്റ്റിസിെൻറ അഭിപ്രായ പ്രകടനങ്ങൾ.
അനാവശ്യമായ അധിക്ഷേപങ്ങൾ സമിതിയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുമ്പ് ചില കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചതിനാണ് അവരെ അധിക്ഷേപിക്കുന്നത്. മറ്റൊരു സന്ദർഭത്തിൽ നടത്തിയ അഭിപ്രായ പ്രകടനം അയോഗ്യതയല്ല. ആളുകളെ ഇൗ തരത്തിൽ ബ്രാൻഡ് ചെയ്യുന്നത് സുപ്രീംകോടതി പ്രോത്സാഹിപ്പിക്കില്ല. വിചാരണവേളയിൽ ജഡ്ജിമാരും അഭിപ്രായ പ്രകടനം നടത്തും. അവർക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് അതിനർഥമില്ല.
സമിതി അംഗങ്ങളെ പക്ഷപാതികളാണെന്ന് വിളിക്കുന്നതിൽ കോടതിക്ക് എതിർപ്പുണ്ട്. കോടതിയിൽ വന്ന് അങ്ങനെ പറയുന്നതിൽ ചില താൽപര്യവുമുണ്ട്. ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് ആളുകളെ അധിക്ഷേപിക്കുകയാണ്. പത്രങ്ങൾ കൂടി സമിതി അംഗങ്ങൾക്കെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ വിഷമമുണ്ട്. നാലുപേരും ഒന്നാകെ അയോഗ്യരാണ് എന്നാണ് നിങ്ങൾ വരുത്തിയത്. അത്തരമൊരു തീർപ്പിലേക്ക് എങ്ങെനയാണ് വരുക? കാർഷിക മേഖലയിലെ സമർഥരാണവർ. വിദഗ്ധരാണവർ. അഭിഭാഷകരും ജഡ്ജിമാരും മുമ്പ് പ്രകടിപ്പിച്ച കാഴ്ചപ്പാടുകൾ അല്ല ഇേപ്പാൾ.
അവ വ്യത്യസ്തമാകും. വിപരീത കാഴ്ചപ്പാട് കേട്ടാൽ ആളുകളുടെ അഭിപ്രായം മാറിക്കൂടേ? വിശ്വാസ്യതയുള്ള ആളുകൾ അങ്ങനെ അഭിപ്രായം മാറ്റും. സുപ്രീംകോടതി ഒരു സമിതിയെ നിയോഗിക്കുന്നു. എന്നാൽ, അതിെൻറ യശസ്സ് ചീന്തി തുണ്ടുകളാക്കിയിരിക്കുന്നു. സമരക്കാരെ കേൾക്കാനും റിപ്പോർട്ട് നൽകാനുമാണ് സമിതിയോട് ആവശ്യപ്പെട്ടത്. അതിലെവിടെയാണ് പക്ഷപാതം? - ക്ഷോഭമടക്കാതെ ചീഫ് ജസ്റ്റിസ് തുടർന്നു.
ഇൗ സമിതിക്കുമുന്നിൽ വരില്ലെന്നാണ് തങ്ങൾ പ്രതിനിധാനംചെയ്യുന്ന എട്ടു കർഷക യൂനിയനുകളുടെ തീരുമാനമെന്ന് മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

